സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
അതേസമയം, ദാന ചുഴലിക്കാറ്റ് ഇന്ന് രാത്രി കര തൊടുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഒഡീഷയിലും പശ്ചിമ ബംഗാളിലും ജാഗ്രത കർശനമാക്കി. 5 സംസ്ഥാനങ്ങളിലായി ദേശീയ ദുരന്ത നിവാരണ സേനയുടെ അൻപത്താറ് സംഘങ്ങളെ വിന്യസിച്ചു. കോസ്റ്റ് ഗാർഡും, നേവിയും, സൈന്യവും ഏത് സാഹചര്യവും നേരിടാൻ സജ്ജമാണ്. ഇന്ന് വൈകീട്ട് 6 മണിമുതൽ 15 മണിക്കൂർ കൊൽക്കത്ത വിമാനത്താവളം പ്രവർത്തിക്കില്ല. ഒഡീഷയിൽ 20 ലക്ഷം ആളുകളെ മാറ്റി പാർപ്പിക്കാനായുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് അർദ്ധരാത്രിക്കും നാളെ പുലർച്ചെക്കുമിടയിൽ ഒഡീഷ പുരിയുടെയും പശ്ചിമബംഗാളിലെ സാഗർ ദ്വീപിനും ഇടയിലാണ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുക. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയടിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. കൊൽക്കത്തയിലടക്കം അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ട്.