കേരളത്തിന് പുറത്തുനിന്നെടുത്ത ഡ്രൈവിങ് ലൈസൻസുകളുടെ മേൽവിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ വ്യവസ്ഥയുമായി മോട്ടേർ വാഹന വകുപ്പ്. കേരളത്തിലെ വിലാസത്തിലേക്ക് മാറ്റണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിർദേശിക്കുന്ന രീതിയിൽ വാഹനം ഓടിച്ചു കാണിക്കണമെന്നാണ് നിർദേശം.
കേരളത്തെ അപേക്ഷിച്ച് മറ്റു സംസ്ഥാനങ്ങളിൽ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നാണ് വിലയിരുത്തൽ. അതിനാൽ കേരളത്തിലെ സ്ഥിരതാമസക്കാർ അവിടങ്ങളിൽ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. ഇതുമൂലമാണ് മേൽവിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നൽകുന്ന വിശദീകരണം.
അപേക്ഷകന് വാഹനം ഓടിക്കാൻ അറിയാമെന്ന് ബോധ്യപ്പെടാൻ റോഡ് ടെസ്റ്റ് നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്ക് തീരുമാനമെടുക്കാം. എന്നാൽ സ്വന്തമായി ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതിനാൽ മിക്ക മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരും റോഡ് ടെസ്റ്റ് നടത്തുന്നുണ്ട്.