ഇടുക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കിൽപ്പെട്ട ഭർത്താവ് ദിവാകരൻ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.
വൈകീട്ട് ആറോടെയാണ് ഓമനയും ഭർത്താവ് ദിവാകരനും പടിക്കകത്തുള്ള കൃഷിയിടത്തിൽ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീർച്ചാൽ കടക്കാനുണ്ടായിരുന്നു. ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തിൽ ഓമന ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കിൽപ്പെട്ട് ദിവാകരൻ എവിടെയോ പിടിച്ചുനിന്നു. പരിക്കുകൾ സംഭവിച്ചെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരൻ കെഎസ്ഇബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു.