വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. പതിനായിരങ്ങളെ അണിനിരത്തി റോഡ് നടത്തിയാണ് പ്രചരണം തുടങ്ങിയത്.പ്രിയങ്കയും രാഹുലും തുറന്ന ജീപ്പില്‍ കല്‍പ്പറ്റയുടെ നഗരവീഥികള്‍ കീഴടക്കി എത്തിയപ്പോള്‍ വയനാട്ടില്‍ പിറന്നത് പുതു ചരിത്രം. കല്‍പ്പറ്റയില്‍ ആവേശം അല തല്ലുമ്പോള്‍ വയനാടിന്റെ പ്രിയങ്കരിയാകാനെത്തുന്ന പ്രിയങ്ക ഗാന്ധിയെ വരവേറ്റ് വയനാട്. കല്‍പറ്റ നഗരത്തില്‍ പ്രിയങ്കയുടെ റോഡ് ഷോയില്‍ പതിനായിരങ്ങള്‍ അണിനിരന്നു.
വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് റോഡ്‌ഷോ. 11 മണിക്ക് നിശ്ചയിച്ച പരിപാടിക്ക് രാവിലെ ഏഴു മണി മുതല്‍ ആളുകള്‍ എത്തിത്തുടങ്ങിയിരുന്നു. രാവിലെ മഴ മൂടിക്കെട്ടിയിരുന്ന അന്തരീക്ഷം പതിയെ നിറവെയിലിന് വഴിമാറി. ചുരം കയറിയെത്തുന്ന ബസുകളിലും കാറുകളിലുമൊക്കെ പ്രിയങ്കയെ കാണാനുള്ളവരുടെ തിരക്കുണ്ടായിരുന്നു. കൈപ്പത്തി ചിഹ്നം പതിച്ച ടീ ഷര്‍ട്ടുകളണിഞ്ഞും പ്രിയങ്കക്ക് സ്വാഗതമോതിയുള്ള പ്ലക്കാര്‍ഡുകളേന്തിയും അണിനിരന്ന ആയിരങ്ങള്‍ക്കൊപ്പം ത്രിവര്‍ണ ബലൂണുകളുടെ ചാരുതയും നിറം പകര്‍ന്നു. ഗോത്രവര്‍ഗ യുവാക്കള്‍ അണിനിരക്കുന്ന ‘ഇതിഹാസ’ ബാന്‍ഡ് വാദ്യ സംഘം കൊഴുപ്പേകി. പത്തരയോടെ ജനം റാലിയായി പതിയെ ഒഴുകി നീങ്ങാന്‍ തുടങ്ങി.