കൊയിലാണ്ടി : ജല്‍ ജീവന്‍ മിഷന്‍ പൈപ്പിടല്‍ കാരണം ഗതാഗതം ദുഷ്‌കരമായ കൊല്ലം-നെല്യാടി -മേപ്പയ്യൂര്‍ റോഡ് പുനരുദ്ധരിക്കാന്‍ രണ്ടുകോടി 49 ലക്ഷം രൂപയുടെ പദ്ധതി പ്രകാരമുളള പ്രവൃത്തി തുടങ്ങി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി കരാര്‍ എടുത്തത്. റീ ടാറിംങ് പ്രവൃത്തിയാണ് തുടങ്ങിയത്.
കൊല്ലം-നെല്യാടി-മേപ്പയ്യൂര്‍ റോഡ് നവീകരണത്തിന് നേരത്തേ 38.96 കോടി രൂപ കിഫ്ബിയില്‍നിന്ന് ധനകാര്യ അനുമതി ലഭിച്ചിരുന്നു. റോഡ് വികസനത്തിനായി ഭൂമിയേറ്റെടുക്കല്‍ നടപടി നീളുന്നതിനാല്‍ ആ തുക വിനിയോഗിക്കാനായില്ല. കൊല്ലം -നെല്യാടി-മേപ്പയ്യൂര്‍ റോഡില്‍ കടുത്ത യാത്രാ ദുരിതമാണ്. പൊട്ടിപൊളിയാന്‍ ഒരിടവും ഈ റോഡില്‍ ബാക്കിയുണ്ടായിരുന്നില്ല.നെല്യാടിപ്പാലം മുതല്‍ മേപ്പയ്യൂര്‍ ഭാഗം വരെ ജല ജീവന്‍ പദ്ധതിയുടെ പൈപ്പിടാന്‍ റോഡ് വശം കീറിയതും,മഴക്കാലത്ത് റോഡ് തകര്‍ന്നതുമെല്ലാം കാരണം വാഹന ഗതാഗതം അതീവ പ്രയാസമേറിയതായിരുന്നു.റോഡ് തകര്‍ച്ച കാരണം മിക്ക ബസ്സുകള്‍ ട്രീപ്പുകള്‍ ഒഴിവാക്കുന്ന അവസ്ഥയിലായിരുന്നു.
നേരത്തെ ധനകാര്യാനുമതി ലഭിച്ച 38.96 കോടി രൂപയുടെ റോഡ് വികസന പ്രവൃത്തി യാഥാര്‍ഥ്യമാക്കണമെങ്കില്‍ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരപ്പെടുത്തണം. കൊല്ലത്ത് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നുപോകുന്നിടത്തും വലിയ തോതില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. ഇവിടെ അണ്ടര്‍പാസ് നിര്‍മിച്ചിടത്ത് റോഡ് പൂര്‍ണമായി തകര്‍ന്നിരിക്കയാണ്. മഴ പെയ്താല്‍ സര്‍വീസ് റോഡില്‍ മുട്ടറ്റം വെള്ളം കെട്ടിനില്‍ക്കും.