വയനാട് പ്രചാരണത്തിന് തുടക്കം കുറിക്കാൻ യുഡിഎഫ് സ്‌ഥാനാർഥി പ്രിയങ്കഗാന്ധി ഇന്ന് വയനാട്ടിലെത്തും. വൈകിട്ടോടെയാണ് പ്രിയങ്ക മണ്ഡലത്തിലെത്തുക. രാഹുൽ ഗാന്ധിയും ഒപ്പമുണ്ടാകും. മൈസൂരുവിൽ നിന്ന് റോഡുമാർഗമാണ് ഇരുവരും ബത്തേരിയിലെത്തുക. നാളെ സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മണ്ഡലത്തിലെത്തുന്നുണ്ട്.
നാളെ രണ്ടുകിലോമീറ്റർ റോഡ് ഷോ നടത്തിയ ശേഷമാകും പ്രിയങ്ക പത്രിക സമർപ്പിക്കുക. നാളെ രാവിലെ 11ന് കൽപ്പറ്റ പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോയിൽ നേതാക്കൾ അണിനിരക്കും. തുടർന്ന് വരണാധികാരിയായ ജില്ലാ കളക്‌ടർക്ക് മുമ്പാകെ 12 മണിയോടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
പത്ത് ദിവസം പ്രിയങ്ക ഗാന്ധി മണ്ഡലത്തിൽ പ്രചാരണം നടത്തും. കന്നിയങ്കത്തിന് ഇറങ്ങുന്ന പ്രിയങ്കക്ക് ആവേശം പകരാൻ ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിന്ന് പ്രചാരണത്തിനായി നിരവധി പ്രവർത്തകർ വൈകാതെ വയനാട്ടിലെത്തുമെന്നാണ് വിവരം. വിവിധ സംസ്‌ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാരും ദേശീയ, സംസ്‌ഥാന നേതാക്കളും മണ്ഡലത്തിലെത്തും.
രണ്ടുതവണ രാഹുൽ മത്സരിച്ചപ്പോഴും പ്രിയങ്ക വയനാട്ടിൽ വോട്ടഭ്യർഥിക്കാൻ എത്തിയിരുന്നു. എന്നാൽ, സോണിയ ഗാന്ധി എത്തിയിരുന്നില്ല. എട്ടര വർഷത്തിന് ശേഷമാണ് സോണിയ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്. അതിനിടെ, പ്രിയങ്കയുടെ മൽസരത്തിന്റെ പേര് പറഞ്ഞ് നേതാക്കൾ കൂട്ടത്തോടെ ചുരം കയറാതിരിക്കാൻ മുന്നൊരുക്കം ശക്‌തമാക്കി കോൺഗ്രസ്. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കൾ അനാവശ്യമായി വയനാടിന് വേണ്ടി വണ്ടി കയറരുതെന്ന് കെപിസിസി കർശന നിർദ്ദേശം നൽകി. പാലക്കാട്ടെയും ചേലക്കരയിലെയും തിരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തി.