പ്രധാനമന്ത്രി ആവാസ് യോജനയിൽ (പി.എം.എ.വൈ.) വീടുകളനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. നടപ്പുസാമ്പത്തികവർഷം പി.എം.എ.വൈ.-ഗ്രാമീണ പദ്ധതിയിൽ ഉൾപ്പെടുത്തി 1,97,000 വീടുകൾ നിർമിക്കാനാണ് അനുമതി. ഇതിൽ 60,000 വീടുകൾ പട്ടികവിഭാഗക്കാർക്കാണ്.
ലൈഫിൽ കേന്ദ്രസർക്കാരിന്റെ ബ്രാൻഡിങ് നടത്തിയാലേ പണം നൽകാനാവൂവെന്ന് കഴിഞ്ഞവർഷം കേന്ദ്രം നിബന്ധന വെച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ലൈഫ് വീടുകളിൽ കേരളസർക്കാരിന്റെ പേരോ മുദ്രയോ ഇല്ലെന്നാണ് സംസ്ഥാനസർക്കാരിന്റെ വാദം. ആദ്യം സ്വന്തം ബ്രാൻഡിങ് മാത്രം ആവശ്യപ്പെട്ട കേന്ദ്രസർക്കാർ പിന്നീട് സംയുക്ത ബ്രാൻഡിങ് ആവാമെന്നു വഴങ്ങിയെങ്കിലും കേരളം സമ്മതിച്ചില്ല. വീടിന് ബ്രാൻഡിങ് നടത്തുന്നത് ഗുണഭോക്താക്കളുടെ അന്തസ്സിനെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി എം.ബി. രാജേഷ് കത്തയച്ചെങ്കിലും കേന്ദ്രം മറുപടിനൽകിയിരുന്നില്ല.