വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായി ഒരുങ്ങുന്ന ആദ്യ മ്യൂസിയമായ ‘മതിലുകൾ’ ബുധനാഴ്ച സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ കോഴിക്കോട് ദയാപുരത്ത് ഉദ്ഘാടനം ചെയ്യും. ദയാപുരം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രത്തിൻ്റെ സ്ഥാപകഉപദേശകരിൽ ഒരാളായ ബഷീറിൻ്റെ കയ്യെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിൻ്റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ചിട്ടുള്ള മ്യൂസിയം എഴുത്തുകാരനെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്കാരികമേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്നു ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു.
ബഷീറിൻ്റെ ജീവിതത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയ നവോത്ഥാനം, മുസ്ലിം സാമുദായിക പരിഷ്കരണവാദം, പാരിസ്ഥിതിക ധാർമ്മികചിന്ത എന്നീ മേഖലകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്ന് മ്യൂസിയത്തിന്‍റെ ക്യൂറേറ്റർ എൻ.പി. ആഷ് ലി പറഞ്ഞു. ഒരേസമയം സാധ്യതയും പരിമിതിയുമാവുന്ന ‘മതിലുകൾ’ എന്ന സംജ്ഞയ്ക്ക് ബഷീറിൻ്റെ ജീവിതത്തിലും സാഹിത്യത്തിലുമുള്ള പ്രാധാന്യം കണക്കിലെടുത്താണ് ആ പേര് നൽകിയത്- അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 3 വരെ എല്ലാ ദിവസവും തുറക്കുന്ന മ്യൂസിയത്തില്‍ അതിനുശേഷം ശനിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4.30 വരെ മാത്രമാവും സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാവുക.