ഡിസംബര്‍ അവസാനം നടക്കുന്ന നാലാമത് ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. മുതിര്‍ന്ന പൗരര്‍, കുട്ടികള്‍, സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, യുവജനങ്ങള്‍ തുടങ്ങി പ്രദേശത്തെ എല്ലാ വിഭാഗക്കാരുടെയും പങ്കാളിത്തം ഉറപ്പാക്കും. കാപ്പാട് മുതല്‍ താനൂര്‍ വരെയുള്ള പ്രദേശത്തെ ജനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് വിവിധ മത്സരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ബേപ്പൂര്‍ വാട്ടര്‍ഫെസ്റ്റിന്റെ മുന്നോടിയായി കളക്ടറേറ്റില്‍ ചേര്‍ന്ന വിവിധ സബ് കമ്മിറ്റികളുടെ പ്രഥമയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വാട്ടര്‍ ഫെസ്റ്റ് സംഘാടക സമിതി ചെയര്‍മാനായ ജില്ല കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അധ്യക്ഷത വഹിച്ചു.
ഫെസ്റ്റ് ദിവസങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചാലിയത്തുനിന്നു ബേപ്പൂരേക്ക് പ്രത്യേക ജങ്കാര്‍ സര്‍വീസ് ഏര്‍പ്പെടുത്തും. പാര്‍ക്കിംഗ്, തിരക്ക് നിയന്ത്രണം, ക്രമസമാധാനം തുടങ്ങി വിഷയങ്ങള്‍ കുറ്റമറ്റതാക്കാന്‍ എല്ലാ ജനങ്ങളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ കൃഷ്ണകുമാരി, പി സി രാജന്‍, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി അനുഷ, കൗണ്‍സിലര്‍ എം ഗിരിജ, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ, അസിസ്റ്റന്റ് കളക്ടര്‍ ആയുഷ് ഗോയല്‍, എ ഡി എം സി മുഹമ്മദ് റഫീഖ്, വിവിധ സബ് കമ്മിറ്റി കൺവീനർമാർ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ രാജഗോപാല്‍, ഫറോക്ക് എസിപി എ എം സിദ്ദിഖ്, ഡെപ്യൂട്ടി കളക്ടര്‍ സി ബിജു, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, അഡ്വഞ്ചര്‍ ടൂറിസം സിഇഒ ബിനു കുര്യാക്കോസ്, ഡിഎംഒ എൻ രാജേന്ദ്രന്‍, ഡിടിപിസി സെക്രട്ടറി ടി നിഖില്‍ദാസ് ഹര്‍ബര്‍ എഞ്ചിനിയറിംഗ്, പിഡബ്ല്യുഡി, ഭക്ഷ്യസുരക്ഷ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.