നടുവണ്ണൂർ: ചെങ്കൊടി പിടിച്ച കമ്മ്യൂണിസ്റ്റുകാരെ ചെമ്പട്ട് പുതപ്പിക്കുന്ന പാർട്ടിയായി സി പി എം ആധ:പതിച്ചെന്ന് കെ പി സി സി മുൻ പ്രസിഡൻ്റ് കെ മുരളീധരൻ. എ ഡി എം നവീൻ ബാബുവിൻ്റെയും ടി പി ചന്ദ്രശേഖരൻ്റെയും ദാരുണാന്ത്യത്തിനിടയാക്കിയത് സി പി എമ്മിൻ്റെ മാഫിയ സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവ് പി സുധാകരൻ നമ്പീശൻ്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കാവിൽ പള്ളിയത്ത്ക്കുനിയിൽ നടന്ന അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി പി എമ്മിന് ബംഗാളിലും ത്രിപുരയിലും ഉണ്ടായ ജീർണത കേരളത്തിലും സംഭവിക്കുകയാണ്. അഴിമതിക്കും തട്ടിപ്പിനും കൂട്ടു നിൽക്കാത്ത പ്രവർത്തകരെ നാക്കും വാളും ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിനെ രാഷ്ട്രീയമായി നേരിടാനാവാതെ സി പി എം ദുർബലമായി. എ കെ ബാലൻ അണികളോട് പറഞ്ഞത് പോലെ ചുറ്റിക അരിവാൾ നക്ഷത്രത്തിന് പകരം കൊടം, കുന്തം, കുട്ട, കോടലി, ഈനാമ്പേച്ചി, മരപ്പട്ടി തുടങ്ങിയ ചിഹ്നങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ് പാർട്ടിക്ക്. മോദിയുടെ ആജ്ഞാനുവർത്തിയായ പിണറായി വിജയൻ സി പി എമ്മിന് അന്ത്യം കുറിക്കുകയാണ്. പാലക്കാട്ട് കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ശക്തിയും വർഗീയതയും തമ്മിലുള്ള പോരാട്ടത്തിൽ സി പി എം – ബി ജെ പി ഡീൽ തകർത്ത് അഞ്ചക്ക നമ്പറിൽ രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കും. – മുരളിധരൻ കൂട്ടിച്ചേർത്തു. സമൂഹ്യ – ജീവകാര്യണ്യ പ്രവർത്തകനുള്ള പ്രഥമ സുധാകരൻ നമ്പീശൻ സ്മാരക പുരസ്കാരം ഡി സി സി ജനറൽ സെക്രട്ടറി മുനീർ എരവത്തിന് അദ്ദേഹം കൈമാറി. കാവിൽ പി മാധവൻ അധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറിമാരായ മുനീർ എരവത്ത്, ഇ അശോകൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ രാജീവൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ പി ഷാജി, ഫായിസ് നടുവണ്ണൂർ, എം സത്യനാഥൻ, അയമു പൂത്തൂർ, ഇ മജീദ് കാവിൽ, കെ പി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.