നിർണായക ഘട്ടത്തിൽ പാർട്ടിയെ വഞ്ചിച്ച് കാലുമാറിയവർ ഒറ്റപ്പെട്ടുപോയ ചരിത്രം ഓർക്കണമെന്ന് ഡി സി സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ പറഞ്ഞു. കോൺഗ്രസ് നേതാവ് പി. സുധാകാരൻ നമ്പീശൻ്റെ രണ്ടാം ചരമവാർഷികാചരണം കാവുന്തറയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാര പ്രമത്തത ബാധിച്ച് അഴിമതിയുടെയും അഹന്തയുടെയും ക്രിമിനലിസത്തിൻ്റെയും പ്രതീകകമായ സി പി എമ്മിൻ്റെ കെണിയിൽ പെടുന്നവർക്ക് നിരാശയായിരിക്കും ഫലമെന്ന് അദ്ദേഹം പറഞ്ഞു. നിസ്വാർത്ഥമായ പൊതുപ്രവർത്തനത്തിലൂടെ പ്രസ്ഥാനത്തെ വളർത്തിയ നിർഭയനായ പോരാളിയായിരുന്നു പി സുധാകരൻ നമ്പീശനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഠന മികവ് പുലർത്തുന്ന അനിഷ ( കെ പി എം എസ് എം എച്ച് എസ് എസ്), അനന്യ ആർ എസ് (കാവുന്തറ എ യു പി സ്കൂൾ) എന്നീ വിദ്യാർത്ഥികൾക്കുള്ള പി സുധാകരൻ നമ്പീശൻ എൻഡോവ്മെൻ്റും പി എച്ച് ഡി നേടിയ ബിൻസി ബാബു, അങ്കണവാടികളിൽ നിന്നും വിരമിച്ച സഫിയ അബ്ദുള്ള, പി ലീല എന്നിവർക്കുള്ള ഉപഹാരങ്ങളും കെ പ്രവീൺ കുമാർ കൈമാറി.
അനുസ്മരണ സമിതി ചെയർമാൻ കാവിൽ പി മാധവൻ അധ്യക്ഷത വഹിച്ചു. ഇ മജീദ് കാവിൽ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എ പി ഷാജി, കെ സത്യനാഥൻ, കാഞ്ഞിക്കാവ് ഭാസ്കരൻ, അയമു പുത്തൂർ, കെ ചന്തപ്പൻ, കെ പി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.