ഹിന്ദി ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് കൈറ്റ് രൂപകൽപ്പന ചെയ്ത ഇ ക്യൂബ് ഹിന്ദി ലാംഗ്വേജ് ലാബ് സെക്രട്ടേറിയറ്റിലെ പിആർ ചേംബറിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ഹൈടെക് സംവിധാനങ്ങൾ ഭാഷാപഠനത്തിന് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് ലാബിലുടെ കഴിയുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയിലെത്തുന്ന ഓരോ വിദ്യാർഥിയും മാതൃഭാഷ കൂടാതെ രണ്ട് ഭാഷകൾ കൂടി പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ട്. ഇതരഭാഷകൾ ഒരേപോലെ ഉപയോഗിക്കാൻ എല്ലാ കുട്ടികൾക്കും കഴിയുക എന്നത് പുതിയ കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികളുടെ പ്രാവീണ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈറ്റ് 2022 ൽ ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് നടപ്പിലാക്കിയത്. കേന്ദ്രസർക്കാരിനു കീഴിലുള്ള ബെംഗളൂരു റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ് നടത്തിയ പഠനത്തിൽ ഇ-ക്യൂബ് ഇംഗ്ലീഷ് പദ്ധതി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനു തുടർച്ചയായാണ് ഇ-ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബ് പ്ലാറ്റ്ഫോമിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി കുട്ടികളുടെ ഹിന്ദി ഭാഷാ പ്രാവീണ്യം ഉയർത്തുന്നതിനായി ഇ-ക്യൂബ് ഹിന്ദി ഭാഷാ പ്രയോഗ്ശാല സോഫ്റ്റ്വെയർ കൈറ്റ് വികസിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. പരിപാടിയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കൈറ്റ് സിഇഒ അൻവർ സാദത്ത് തുടങ്ങിയവർ സംബന്ധിച്ചു.