കുറുവങ്ങാട് ശിവക്ഷേത്രത്തിലെ ശ്രീകോവിൽ പുനർനിർമാണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും യോഗം ഒക്ടോബർ 20 ന് മൂന്നുമണിക്ക് ക്ഷേത്ര അങ്കണത്തിൽ ചേരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുറുവങ്ങാട് ശിവക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാശിവക്ഷേത്രമായിരുന്നുവെന്ന് പ്രശ്ന ചിന്തയിൽ തെളിഞ്ഞിട്ടുണ്ട്. ക്ഷേത്ര ശ്രീകോവിലിന്റെ രൂപത്തിൽ പല ഘട്ടങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശ്രീകോവിൽ ജീർണ്ണാവസ്ഥയിലാണ്. ശ്രീകോവിൽ പുനർനിർമിക്കുന്നതിന്റെ ഭാഗമായി പ്രധാന വിഗ്രഹം ബാലാലയത്തിലേക്ക് മാറ്റും. ഇതിനു വേണ്ടിയുള്ള ബാലാലയം നിർമ്മാണം പൂർത്തീകരിച്ചു. ശ്രീകോവിൽ നിന്നും ബാലാലയത്തിലേക്ക് വിഗ്രഹം എടുത്തു മാറ്റുന്നതിനായുള്ള ഭഗവാന്റെ അനുവാദം വാങ്ങുന്നതിനായുള്ള അനുജ്ഞാ കർമ്മം ഇക്കഴിഞ്ഞ 15 ന് നടത്തുകയും 30ന് വിഗ്രഹം ബലാലയത്തിലേക്ക് മാറ്റുകയും ചെയ്യും.
കുറുവങ്ങാട് ശിവക്ഷേത്രത്തിന്റെ ശ്രീകോവിൽ പുനർ നിർമ്മിക്കുന്നതിന് രണ്ടരക്കോടിയോളം രൂപ ആവശ്യമുണ്ട്.
കൃഷ്ണശിലയിൽ എല്ലാ കൊത്തുപണികളോട് കൂടി തറ നിർമ്മാണവും ചെങ്കല്ലിൽ ഗർഭഗൃഹവും തുരവും നിർമ്മിക്കും. ചെങ്കല്ലിൽ ഘനധ്വാരം, പഞ്ചാര കാലുകൾ, ഭിത്തിക്കാലുകൾ, ഉത്തരം, ഗൃഹപിണ്ടി, തോരണം മുതലായ എല്ലാ കൊത്തുപണികൾ ഉൾപ്പെടെ വിവിധ ഉയരങ്ങളിലായി വരുന്ന നാല് ചുറ്റായുള്ള ചെങ്കൽ പടവ് ഉണ്ടാവും. ആഞ്ഞിലി പ്ലാവ് മരം എടുത്ത് രൂപകൽപ്പന പ്രകാരം കഴുക്കോല് ഉത്തരം എന്നിവ നിർമ്മിക്കും. ശ്രീകോവിലിന്റെ എല്ലാ മേൽക്കൂരയും ചെമ്പോല മേയ്യും. ചിത്രബാനു പറവൂരും ശില്പി പാലക്കാട് സുബ്രഹ്മണ്യനുമാണ് ശ്രീകോവിൽ രൂപകൽപ്പന ചെയ്യുന്നത്.
പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് സി.പി. മോഹനൻ, സെക്ര. ഇ.കെ. മോഹനൻ, പുനർനിർമ്മാണ കമ്മിറ്റി കൺവീനർ എം.കെ. മനോജ്, ഖജാൻജി എൻ. കെ. സുരേഷ് ബാബു,പബ്ലിസിറ്റി ചെയർമാൻ കെ.വി. സുധീർ എന്നിവർ പങ്കെടുത്തു.