കൊയിലാണ്ടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2023-24 സാമ്പത്തിക വർഷത്തിൽ അർബൻ അഗ്ലമറേഷൻ ഫണ്ട് 25 ലക്ഷം രൂപ വായനാരി തോട് നവീകരണത്തിന് അനുവദിച്ചിരുന്നു. എന്നാൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ സൊസൈറ്റി നാളിതുവരെയായും പ്രവർത്തി ആരംഭിക്കുക പോലും ചെയ്തിട്ടില്ല. നിരവധി തവണ കൗൺസിലർമാരായ വത്സരാജ് കേളോത്ത്, ദൃശ്യ എം എന്നിവർ കരാറുകാരുമായും നഗരസഭയുമായും ഇടപെടൽ നടത്തിയിട്ടും തോടു നവീകരണ പ്രവൃത്തി തുടങ്ങുന്നതിൽ വിമുഖത കാണിക്കുകയാണ് ചെയ്തത്.
2023 ജനുവരി മാസമാണ് ഊരാളുങ്കൽ ലേബർ സൊസൈറ്റി പ്രസ്തുത പ്രവർത്തി ഏറ്റെടുത്ത് കരാർ സമർപ്പിക്കുന്നത്. അതിനു ശേഷം സാങ്കേതിക അനുമതി ലഭിച്ച 32-ാം വാർഡിലെ തോട് നവീകരണത്തി ഏറ്റെടുത്തു നടത്തുന്നതിൽ ഇതേ കരാറുകാർ യാതൊരു വിമുഖതയും കാണിച്ചില്ല. മാത്രമല്ല കിഫ്ബി ഫണ്ട് ഉപയോഗിച്ചുകൊണ്ട് പുരോഗമിക്കുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ പ്രവർത്തി നഗരസഭാതല ഉദ്ഘാടനം നടന്നത് 31ാം വാർഡിലെ കോമത്ത് കര ബി.പി.എൽ ടവർ റോഡിലാണ്. 2023 ഡിസംബർ മാസം കൊത്തിപ്പൊളിച്ചിട്ട നിരവധി റോഡുകൾ യഥാസമയം റീസ്റ്റോറേഷൻ വർക്ക് ചെയ്യാത്തതിനാൽ പൂർണമായും തകർന്ന നിലയിലാണ്. ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. കുഴിയും വെള്ളവും നിറഞ്ഞ് കാൽനടയാത്രക്കാർക്കും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും റീസ്റ്റേഷൻ വർക്ക് ചെയ്യുന്നതിന് ബോർഡിൻറെ ഭരണാനുമതി വേണമെന്നും പിന്നീട് റോഡിൽ നിന്ന് നീക്കം ചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ സ്ഥലമില്ലെന്ന് ന്യായവും ഉൾപ്പെടെ നിരവധി ഒഴിവു കഴിവുകളാണ് കരാറുകാർ പറയുന്നത്. എന്നാൽ അതിനുശേഷം പൈപ്പിടൽ പ്രവർത്തി തുടങ്ങിയ സി.പി.ഐ.എം കൗൺസിലർമാരുടെ വാർഡുകളിൽ പൊളിച്ച റോഡുകളെല്ലാം റീസ്റ്റോറേഷൻ പ്രവർത്തി പൂർത്തീകരിച്ച് പൂർവ്വസ്ഥിതിയിൽ ആക്കിയിട്ടുണ്ട്. ഇത് വരാൻ പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള രാഷ്ട്രീയ മുതലെടുപ്പാണെന്ന് കൗൺസിലർമാർ കുറപ്പെടുത്തി.
യു.ഡി.എഫ് കൗൺസിലർമാരുടെ വാർഡുകളോടുള്ള ഈ അവഗണന രാഷ്ട്രീയ മുതലെടുപ്പിൻ്റെ ഭാഗമാണെന്നും ഉരാളുങ്കൽ ലേബർ കോൺട്രാക്ടർസ് കോപ്പറേറ്റീവ് സൊസൈറ്റിയെ ഭരണകക്ഷി രാഷ്ട്രീയ നേതാക്കൾ മുതലെടുക്കുകയാണെന്നും നഗരസഭ കൗൺസിലർമാരായ വത്സരാജ് കേളോത്ത് ദൃശ്യ. എം എന്നിവർ ആരോപിച്ചു. പൊതുജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന ഈ മെല്ലെപ്പോക്ക് നയം പിൻവലിക്കാൻ നഗരസഭ തയ്യാറാവണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു.