കണ്ണൂർ എ ഡി എം നവീൻ ബാബു കമ്യൂണിസ്‌റ്റ് ഭരണകൂട ഭീകരതയുടെ ഇരയാണ്. അധികാരത്തിൻ്റെ അഹന്ത മൂത്ത് എന്തും ചെയ്യാമെന്ന് ധരിക്കുന്നവരാണ് ഭരണത്തിലിരിക്കുന്നത്. സത്യസന്ധമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ തങ്ങളുടെ വരുതിയിൽ വരുന്നില്ലെങ്കിൽ അവരെ വകവരുത്തുന്ന രാഷ്ട്രീയത്തിൻ്റെ ഭാഗമായാണ് നവീൻ ബാബുവിന് ജീവൻ നഷ്ട്ടമായത് എന്ന് കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡണ്ട് ബീനപൂവത്തിൽ പറഞ്ഞു. എ ഡി എം റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ അവസ്ഥ ഇതാണെങ്കിൽ മറ്റു ജീവനക്കാരുടെ അവസ്ഥ അതിദയനീയമായിരിക്കും. ജീവനക്കാർക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ പിടിച്ചു വെച്ച്, അവരെ ഭീഷണിപ്പെടുത്തി, കുടുംബത്തോടൊപ്പം കഴിയാൻ സമ്മതിക്കാതെ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റി അതിൽ ആനന്ദം കൊള്ളുന്ന സാഡിസ്‌റ്റുകളാണ് ഭരണത്തിലിരിക്കുന്നതെന്നും അവർ പറഞ്ഞു. എഡി എം നവീൻ ബാബുവിൻ്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട് കെ ജി ഒ യു കോഴിക്കോട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
ജീവനക്കാർക്കും അദ്ധ്യാപകർക്കും ജോലി ചെയ്യാനുള്ള സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും അവർ അഭിപ്രായപ്പെട്ടു. മരണമടഞ്ഞ നവീൻ ബാബു അംഗത്വമെടുത്ത സംഘടനയുടെ മൗനം ഞെട്ടിക്കുന്നതാണെന്നും, ജീവനക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി അവരെ സംരക്ഷിക്കാതെ ഭരണപക്ഷത്തിൻ്റെ കുഴലൂത്തുകാരായി അവർ അധ:പതിച്ചെന്നും ബീനപൂവത്തിൽ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ കെ പ്രമോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സി.വി. ബെന്നി, സി.ഉണ്ണികൃഷ്ണൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി. സുനിൽകുമാർ, വി.സി. സുബ്രഹ്മണ്യൻ, ഡോ.യു.എസ്.ജിജിത്ത്, വി. സലിം , ജില്ലാ ട്രഷറർ എം.പി.സബീർ സാലി, വനിതാ ഫോറം കൺവീനർ വി. പ്രവിത എന്നിവർ പ്രസംഗിച്ചു.