സമ്പൂർണ ഇ സ്റ്റാമ്പിംഗ് സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിയമസഭ സെമിനാർ ഹാളിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. ഇതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി. സംസ്ഥാനത്തിൻ്റെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് രജിസ്ടേഷൻ. ഇ സ്റ്റാമ്പിംഗ് സേവനങ്ങൾ നടപ്പിലാക്കുന്നതിലൂടെ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പാക്കാൻ കഴിയും. സംസ്ഥാനത്തിന്റെ സാമ്പത്തിക സുരക്ഷക്ക് രജിസ്ട്രേഷൻ മേഖലയിലെ ഡിജിറ്റൽ സേവനങ്ങൾ സഹായകരമാകുമെന്ന് മന്ത്രി പറഞ്ഞു. വെണ്ടർമാരുടെ തൊഴിൽ നഷ്ടം പരിഗണിച്ച് അവരുടെ വരുമാനം നിലനിർത്തിയാണ് സേവനങ്ങൾ നൽകുന്നത്.
രജിസ്‌ട്രേഷൻ, റവന്യൂ സർവ്വേ വകുപ്പുകളുടെ പോർട്ടലുകൾ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പോർട്ടലിലേക്ക് മാറുന്നതോടെ രജിസ്‌ട്രേഷൻ നടപടികൾ സുഗമവും സുതാര്യവുമാകും. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകുമ്പോൾ തന്നെ പോക്ക് വരവ് കൂടി നടത്തി ഭൂമിയുടെ സർവ്വേ സ്‌കെച്ച് സഹിതം അന്ന് തന്നെ രേഖകളാക്കി നൽകാൻ പറ്റുന്ന സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഇനി മുതൽ രജിസ്‌ട്രേഷൻ വകുപ്പിൽ എല്ലാ മൂല്യങ്ങൾക്കുമുള്ള മുദ്രപത്രങ്ങൾ ഇ-സ്റ്റാമ്പിങ്ങിലൂടെ ലഭ്യമാക്കും. ഒപ്പം തന്നെ നിലവിൽ സ്റ്റോക്കുള്ളവ പാഴായി പോകാതിരിക്കാൻ സമാന്തരമായി കടലാസു മുദ്രപത്രങ്ങൾ 2025 മാർച്ച് വരെ ഉപയോഗിക്കാൻ അനുമതിയുണ്ട്. മുദ്രപത്രങ്ങൾ കടലാസിൽ അടിക്കുന്നത് ഒഴിവാകുന്നതിലൂടെ പ്രതിവർഷം 60 കോടിയിൽപ്പരം രൂപ സർക്കാരിന് ലാഭമുണ്ടാകുമെന്നാണ് ഏകദേശ കണക്ക്.