തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരരുടെയും മകൻ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ നിലവിലെ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി തുലാമാസ പൂജകൾക്കായി ശബരിമല നട തുറക്കും. തുടർന്ന് അദ്ദേഹം പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്നി തെളിയിക്കുന്ന ചടങ്ങാണ്. അതുകൊണ്ട് തന്നെ ഇന്ന് പ്രത്യേക പൂജകളില്ല.
അതേസമയം അടുത്ത ഒരുവർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ ഉഷഃപൂജയ്ക്കുശേഷമാണ് നടക്കുക. ശബരിമലയിലെ മേൽശാന്തി തെരഞ്ഞെടുപ്പിനായി സന്നിധാനത്ത് 25ഉം മാളികപ്പുറത്ത് 15ഉം പേരാണ് അന്തിമ പട്ടികയിലുള്ളത്. തുടർന്ന് പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമ്മ, വൈഷ്ണവി എന്നിവർ നറുക്കെടുക്കും. അതായത് നാളെ ഉച്ചയോടെ ആർക്കാണ് ആ മഹത്തായ പദവി ലഭിച്ചിരിക്കുന്നത് എന്നറിയാം. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.