കോഴിക്കോട് ജില്ലയിലെ ദൈര്‍ഘ്യമേറിയ പാലങ്ങളിലൊന്നായ അത്തോളി കുനിയില്‍ക്കടവ് പാലത്തിന്റെ ബീമുകളുടെ കോണ്‍ക്രീറ്റ് അടര്‍ന്ന് കമ്പികള്‍ പുറത്തായ നിലയില്‍. ചേമഞ്ചേരി പഞ്ചായത്തിലെ തിരുവങ്ങൂരിനെ അത്തോളിയുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. ദേശീയപാതയെയും അത്തോളി കുറ്റ്യാടി സംസ്ഥാനപാതയുമായി ബന്ധിപ്പിക്കുന്ന പാലം കൂടിയാണ്. അത്തോളി ഭാഗത്തെ പാലത്തിന്റെ അടിയിലുളള ബീമുകളുടെ കോണ്‍ക്രീറ്റാണ് അടര്‍ന്നു തുടങ്ങിയത്. മറ്റിടങ്ങളിലും പാലത്തിന് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. കോണ്‍ക്രീറ്റ് പൊട്ടി അടര്‍ന്നതിനെ തുടര്‍ന്ന് കമ്പികള്‍ക്ക് തുരുമ്പ് പിടിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പൊട്ടി പൊളിഞ്ഞ ഭാഗം സിമിന്റുപയോഗിച്ച് ബലപ്പെടുത്തുകയാണ് വേണ്ടത്.
1994ൽ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ.കെ.ബാവ ശിലാസ്ഥാപനം നടത്തിയ ഈ പാലം മുന്‍ ഉപമുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയയുടെ നാമധേയത്തിലാണ് അറിയപ്പെടുന്നത്. 2003 സെപ്റ്റംബര്‍ 28ന് മുന്‍ മന്ത്രി ഡോ.എം.കെ.മുനീറാണ് പാലം ഉദ്ഘാടനം ചെയ്തത്. ദേശീയ പാതയില്‍ ഗതാഗത സ്തംഭനം ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടുക കുനിയില്‍ക്കടവ് പാലത്തിലൂടെയാണ്. മാത്രവുമല്ല കാപ്പാട് -തുഷാരഗിരി പാതയിലെ പ്രധാന പാലമാണിത്. അടിയന്തിര അറ്റകുറ്റ പണികള്‍ നടത്തിയില്ലെങ്കില്‍ കോണ്‍ക്രിറ്റ് പൊട്ടി അടരുന്നത് വ്യാപിക്കും. അത് പാലത്തിന്റെ ബല ക്ഷയത്തിന് ഇടയാക്കും.