തൂണേരി ഷിബിൻ വധക്കേസിലെ ഹൈക്കോടതി ഉത്തരവിൽ തുടർ നടപടിയുമായി പൊലീസ്. ഹൈക്കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്കെതിരെ നാദാപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിൽ വിദേശത്തുള്ള പ്രതികളെ തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
ഒക്ടോബർ 15നകം ഹൈക്കോടതി ഉത്തരവനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് വിചാരണക്കോടതിൽ ഹാജരാക്കണം. കേസിൽ വിചാരണക്കോടതി കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ട പ്രതികൾ കുറ്റക്കാരാണെന്ന് ഒക്ടോബർ നാലിന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. പ്രതികളെ ഒക്ടോബർ 15 നകം അറസ്റ്റ് ചെയ്ത് മാറാട് കോടതിയിൽ ഹാജരാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
പ്രതികളുടെ പാസ്പോർട്ട് വിവരങ്ങൾ വിമാനത്താവളങ്ങൾക്ക് പൊലീസ് കൈമാറിയിട്ടുണ്ട്. അതേസമയം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ പോകണമെങ്കിൽ പ്രതികൾ ഹാജരാകണം എന്നുള്ളതിനാൽ ഇവർ കീഴടങ്ങിയേക്കും എന്നാണ് റിപ്പോർട്ട്.
2015 ജനുവരി 22 നാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. 2016 മെയിലാണ് വിചാരണ കോടതി പ്രതികളെ വെറുതെ വിട്ടത്. ഇതോടെ ഇവർ വിദേശത്തേക്ക് പോവുകയായിരുന്നു. വിചാരണക്കോടതി വിധിയ്ക്കെതിരെ ഷിബിന്റെ അച്ഛനും അക്രമണത്തിൽ പരിക്കേറ്റവരും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.