പവിഴമല്ലിത്തറ മേളത്തിന്റെ മേളപ്രമാണിയായി നൂറിലേറെ വാദ്യകലാകാരന്മാരോടൊപ്പം നടൻ ജയറാം. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായാണ് ക്ഷേത്രാങ്കണത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. പവിഴമല്ലിത്തറയ്‌ക്കു മുന്നിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ചു തുടർച്ചയായി 11-ാം വർഷമാണ് മേളം നടക്കുന്നത്. എല്ലാ വർഷവും ജയറാമാണ് മേളപ്രമാണി.
51 വാദ്യകലാകാരന്മാരാണ് മേളത്തിനായി അണിനിരന്നത്. ചോറ്റാനിക്കര വേണുഗോപാൽ, ചോറ്റാനിക്കര ജയൻ, ചോറ്റാനിക്കര സുനിൽ, രവിപുരം ജയൻ, ചോറ്റാനിക്കര രാജു ബാഹുലേയ മാരാർ തുടങ്ങി 50 പേരുടെ ഇലത്താളവും മച്ചാട് ഹരിദാസ്, ഉദയനാപുരം ഷിബു എന്നിവരുടെ 25-ലധികം കൊമ്പുസംഘവും പെരുവാരം സതീശൻ, കൊടകര അനൂപ്, കാലടി രാജേഷ്, പുതൂർക്കര ദീപു എന്നിവരുടെ 25 കുറുങ്കുഴൽ സംഘവും മേളത്തിന് അണിനിരന്നു. കഴിഞ്ഞ വർഷത്തിൽ 168-ൽ അധികം കലാകാരന്മാരാണ് മേളത്തിന് പങ്കെടുത്തത്. കഴിഞ്ഞ 11 വർഷമായി മേളത്തിന്റെ വാദ്യ സംയോജനം ചോറ്റാനിക്കര സത്യൻ നാരായൺ മാരാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.