തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ ടി ഒ സമർപ്പിച്ചു. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനങ്ങൾ ഒന്നും എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. അപകട കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ ആർ ടി ഒ അറിയിച്ചു.
തിരുവമ്പാടി പൂല്ലുരാംപാറയ്ക്ക് സമീപം ഇന്നലെയാണ് കെഎസ്ആര്‍ടിസി ബസ് കാളിയമ്പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് സ്ത്രീകളാണ് മരിച്ചത്. ആനക്കാംപൊയിൽ സ്വദേശിനി ത്രേസ്യാമ്മ (75), വേലംകുന്നേൽ കമലം (65) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാല് പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ഓമശ്ശേരി ശാന്തി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.









