തിക്കോടി ടൗണിൽ ദേശീയപാതയിൽ അടിപ്പാത നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അടിപ്പാത കർമ്മസമിതി കലക്ടറേറ്റ് മാർച്ച് നടത്തി. വി കെ അബ്ദുൾ മജീദ്, കെ വി സുരേഷ് കുമാർ, ആർ വിശ്വൻ, കെ പി നാരായണൻ, റംല പി വി, ബിജു കളത്തിൽ, ഭാസ്കരൻ തിക്കോടി,ഷാഹിദ കൊന്നശ്ശേരിക്കുനി, ശ്രീധരൻ ചെമ്പുഞ്ചില എന്നിവർ നേതൃത്വം നൽകി.
കർമ്മസമിതി പ്രസിഡണ്ട് വി കെ അബ്ദുൾ മജീദിന്റെ അധ്യക്ഷതയിൽ തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് ധർണ്ണ ഉദ്ഘാടനം ചെയ്തു. നിരവധി സ്ഥാപനങ്ങൾ റോഡിന് ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന ജനനിബിഡമായ തിക്കോടിയിൽ ദേശീയപാതയിൽ അടിപ്പാത നിർബന്ധമായും അനുവദിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. റോഡിന് ഇരുവശവും വൻമതിലുകൾ കെട്ടി വേർതിരിച്ച തിക്കോടി പ്രദേശം ഇപ്പോൾ തന്നെ ഒറ്റപ്പെട്ട നിലയിലാണ്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഈ പ്രശ്നത്തിന് അടിപ്പാത അനുവദിച്ചുകൊണ്ട് ശാശ്വതമായ പരിഹാരം കാണണമെന്ന് അവർ പറഞ്ഞു.
മത്സ്യബന്ധന മേഖലയായ കോടിക്കൽ ഭാഗത്തുനിന്ന് വരുന്ന റോഡും ജനനിബിഡമായ ചിങ്ങപുരം ഭാഗത്തുനിന്ന് വരുന്ന റോഡും സന്ധിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രമാണ് തിക്കോടി ടൗൺ. റോഡിന് ഇരുവശത്തേക്കുമുള്ള സഞ്ചാരം തടസ്സപ്പെട്ടത് ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തിൽ തിക്കോടിയിൽ അടിപ്പാത നിർമ്മിച്ച് പ്രശ്നം പരിഹരിക്കണമെന്ന് കർമ്മസമിതി ഭാരവാഹികൾ അറിയിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആർ വിശ്വൻ, കെ പി ഷക്കീല, മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി റംല, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ എം ടി അബ്ദുള്ളക്കുട്ടി, വിബിത ബൈജു, ഉസ്‌ന എ വി എന്നിവരും ബിജു കളത്തിൽ, ശ്രീധരൻ ചെമ്പുഞ്ചില, കൃഷ്ണൻ വി, ഭാസ്കരൻ തിക്കോടി, റിനീഷ് വണ്ണാംകണ്ടി, സബാഹ് ,തിക്കോടി ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി, കർമ്മസമിതി കൺവീനർ കെ വി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.