നെഹ്‌റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തില്‍ മാറ്റമില്ല. വിധി നിര്‍ണയത്തില്‍ പിഴവില്ലെന്ന് അപ്പീല്‍ ജൂറി കമ്മിറ്റി തീരുമാനം അറിയിച്ചു. ചുണ്ടന്‍വിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചത് സംബന്ധിച്ച് രണ്ടും മൂന്നും സ്ഥാനക്കാര്‍ നല്‍കിയ പരാതി ജൂറി ഓഫ് അപ്പീല്‍ തള്ളി. പരാതിക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണു ജേതാക്കളെന്ന് സമിതി ചൂണ്ടിക്കാട്ടി. അതേസമയം തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീല്‍ കമ്മിറ്റി തള്ളി.
കുമരകം ടൗൺ ബോട്ട് ക്ലബ് സ്റ്റാർട്ടിങ്ങിൽ പിഴവ് ഉണ്ടെന്നായിരുന്നു പരാതി. പരാതി പുനഃപരിശോധിക്കേണ്ടതില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി വ്യക്തമാക്കി. പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടിങ് അടക്കമുള്ള പിഴവുകളെ കുറിച്ച് പരാതിയുള്ളതിനാല്‍ സാങ്കേതികസമിതി വിശദ പരിശോധനയാണ് നടത്തിയത്.