സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. റേഷൻ കാർഡിൽ പേരുള്ളവരെല്ലാം റേഷൻ കടകളിൽ നേരിട്ടെത്തി ഇ – പോസ് യന്ത്രത്തിൽ വിരൽ പതിച്ച് മസ്റ്ററിങ് നടത്തണം. സംസ്ഥാനത്തെ ഏത് റേഷൻ കടകളിൽ നിന്നും ഈ സൗകര്യം ഉൾപ്പെടുത്താവുന്നതാണ്. ഇന്ത്യയിൽ എവിടെവച്ചും മസ്റ്ററിങ് ചെയ്യാവുന്നതാണ്. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ മസ്റ്ററിങ് നടത്താൻ കൈവശം ഉണ്ടായിരിക്കണം.
മഞ്ഞ, പിങ്ക് റേഷൻ കാർഡിലെ അംഗങ്ങളുടെ ഇ – കെവൈസി മസ്റ്ററിങ് നടപടികൾ എട്ടാം തീയതി ചൊവ്വാഴ്ച വരെ തുടരും. ഒക്ടോബർ മൂന്ന് മുതൽ എട്ടുവരെ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിലാണ് മസ്റ്ററിങ് നടക്കുക. റേഷൻ കടകളിൽ എത്താൻ സാധിക്കാത്ത കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളികൾ നേരിടുന്നവർ എന്നിവരുടെ താമസസ്ഥലത്ത് എത്തി മസ്റ്ററിങ് നടത്തും. മസ്റ്ററിങ് നടപടികൾ ഒക്ടോബർ പതിനഞ്ചിന് പൂർത്തിയാക്കി കേന്ദ്ര സർക്കാരിന് റിപ്പോർട്ട് കൈമാറാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.