ദേശാടനപ്പക്ഷികളുടെ വരവോടെ കാപ്പാട് കടൽ തീരം സജീവമായി. ദേശാടന കാലം വിളിച്ചറിയിച്ചുകൊണ്ട് കടലുകളും വൻകരകളും താണ്ടിയാണ് ദേശാടകർ കാപ്പാട് തീരമണയുന്നത്. ഏഴു വർഷത്തിനു ശേഷം വീണ്ടും കടൽമണ്ണാത്തി എന്ന ദേശാടനപ്പക്ഷി കാപ്പാട് എത്തിയതാണ് ഈ വർഷത്തെ സവിശേഷത. മധ്യ ഏഷ്യയിലും റഷ്യയിലും കൂടുകൂട്ടുന്ന കടൽമണ്ണാത്തി ശിശിരകാലത്തു ഇന്ത്യയിലേക്കും ആഫ്രിക്കയിലേക്കും ദേശാടനം നടത്താറുണ്ടെന്നു പക്ഷിഗവേഷകനായ ഡോ:അബ്ദുള്ള പാലേരി പറഞ്ഞു. യുറേഷ്യൻ ഓയിസ്റ്റർ കേച്ചർ എന്നാണ് ഈ പക്ഷിയുടെ ഇംഗ്ലീഷ് പേര്. ഈ വർഷം ഫെബ്രുവരിയിൽ കേരളത്തിലെ ഒരപൂർവ പക്ഷിയായ ഹനുമാൻ മണൽക്കോഴിയെ അബ്‌ദുള്ള കാപ്പാട് കണ്ടെത്തി ഫോട്ടോ പകർത്തിയിരുന്നു.
ഏഷ്യയിൽ നിന്നും സൈബീരിയയിൽ നിന്നും റഷ്യയിൽ നിന്നും ദേശാടനപ്പക്ഷികൾ കാപ്പാട് തീരത്തു എത്തിത്തുടങ്ങിയിട്ടുണ്ട്. തെറ്റിക്കൊക്കാൻ, ടിബറ്റൻ മണൽക്കോഴി, ചെറിയ മണൽക്കോഴി, തിരക്കാട തുടങ്ങിയ തീരദേശപ്പക്ഷികളാണ് ദേശാടനകാലത്തിൻ്റെ തുടക്കത്തിൽ തന്നെ കാപ്പാട് തീരം തേടി എത്തിയിരിക്കുന്നത്. കേരളത്തിൽ പൊതുവെ ഓഗസ്റ്റ് മുതൽ മെയ് വരെയാണ് പക്ഷികളുടെ ദേശാടനക്കാലം, കാപ്പാട് എത്തുന്ന തെറ്റിക്കോക്കൻ, മണൽക്കോഴികൾ എന്നീ പക്ഷികളെ മെയ് മാസത്തിലും കാപ്പാട് കാണാറുണ്ട്.
ലോകത്തു നീലപ്പതാക പുരസ്‌കാരം നേടിയ ബീച്ചുകളിൽ ഒന്നാണ് കാപ്പാട്. മാലിന്യ വിമുക്തമായി സൂക്ഷിക്കുന്ന ബീച്ചുകൾക്കു നൽകുന്ന പുരസ്കാരമാണിത്. മാലിന്യങ്ങൾ ഇല്ലാത്തതിനാൽ കാപ്പാട് തീരത്തു പക്ഷികൾക്ക് സ്വൈരമായി വിഹരിക്കാൻ കഴിയും.