ഡിസംബര്‍ ആദ്യത്തെ ആഴ്ച തിരുവനന്തപുരത്തു നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിലേക്കു മാറ്റിയതായി മന്ത്രി വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ നാലിന് നാഷണല്‍ അച്ചീവ്‌മെന്റ് സര്‍വേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവം മാറ്റിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നതിനാല്‍ അവര്‍ക്ക് കലോത്സവത്തില്‍ പങ്കെടുക്കാനാവില്ല. ഡിസംബര്‍ 12 മുതല്‍ 20 വരെ ക്രിസ്മസ് പരീക്ഷയും 21 മുതല്‍ 29 വരെ അവധിയുമാണ്. ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെയായിരുന്നു തിരുവനന്തപുരത്ത് കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം ജനുവരി ആദ്യ വാരത്തിലാവും കലോത്സവം നടക്കുക. പുതിയ തീയതി പിന്നീടു പ്രഖ്യാപിക്കും.
സംസ്ഥാന കലോത്സവം മാറ്റിവെച്ചതിനാല്‍ സ്‌കൂള്‍, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്‌കൂള്‍തല മത്സരങ്ങള്‍ 15-നകം പൂര്‍ത്തിയാക്കും. ഉപജില്ലാതല മത്സരങ്ങള്‍ നവംബര്‍ 10-നകവും ജില്ലാതല മത്സരങ്ങള്‍ ഡിസംബര്‍ മൂന്നിനകവും പൂര്‍ത്തിയാക്കും. തദ്ദേശീയ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, പളിയനൃത്തം എന്നീ അഞ്ചിനങ്ങള്‍കൂടി കലോത്സവത്തില്‍ ഉള്‍പ്പെടുത്തി കലോത്സവ മാനുവല്‍ പരിഷ്‌കരിച്ചതായും മന്ത്രി അറിയിച്ചു.