താമരശ്ശേരി ചുരം പാതയിലെ ഹെയർപിൻ വളവുകളിലെ നവീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തി നടക്കുന്ന ദിവസങ്ങളിൽ പകൽസമയത്ത് ഭാരം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തും. മഴ തടസ്സമായില്ലെങ്കിൽ തിങ്കളാഴ്ചമുതൽ നവീകരണപ്രവൃത്തി തുടങ്ങാൻ പി.ഡബ്ല്യു.ഡി. ദേശീയപാത വിഭാഗം നേരത്തേ തീരുമാനിച്ചിരുന്നു. ഏഴാം തീയതി മുതൽ 11-ാം തീയതിവരെയാണ് ഹെയർപിൻ വളവുകളിൽ നവീകരണപ്രവർത്തി നടത്തുക. ചുരത്തിലെ ആറ്, ഏഴ്, എട്ട് ഹെയർപിൻ വളവുകളിലാണ് കുഴികളടച്ച് റീടാറിങ് ചെയ്യുന്നത്. ഇതോടൊപ്പം കൊരുപ്പുകട്ടകൾ വിരിച്ച രണ്ട്, നാല് വളവുകളിലെ താഴ്ന്നുപോയ കട്ടകൾ ഉയർത്തി റോഡ് പ്രതലം നേരെയാക്കുകയും ചെയ്യും.
റോഡ് തകർച്ച നേരിടുന്ന ഹെയർപിൻവളവുകളിലെ നവീകരണപ്രവർത്തിക്ക് സാധാരണഗതിയിൽ മൂന്നുദിവസം പര്യാപ്തമാണെന്നാണ് പൊതുമരാമത്ത് ദേശീയപാത വിഭാഗം അധികൃതരുടെ വിലയിരുത്തൽ. എങ്കിലും ചുരത്തിലെ വാഹനബാഹുല്യവും മഴസാധ്യതയും ഉൾപ്പെടെയുള്ള പ്രതികൂലസാഹചര്യങ്ങളും സാങ്കേതിക പ്രതിബന്ധങ്ങളുമെല്ലാം മുന്നിൽക്കണ്ടാണ് നിലവിൽ നവീകരണത്തിന് അഞ്ചുദിവസത്തെ പ്രവർത്തിദിന കാലാവധി നിശ്ചയിച്ചിരിക്കുന്നത്.