ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വാട്സാപ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നോട്ടുകൾ നൽകുന്നത് വിദ്യാഭ്യാസ വകുപ്പ് വിലക്കി . കൂടാതെ സ്‌കൂൾ പ്രിൻസിപ്പൽമാരും റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാരും ഓൺലൈൻ പഠനരീതി ഒഴിവാക്കണമെന്ന നിർദേശം കർശനായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വിദ്യാഭ്യാസ ഉത്തരവിലുണ്ട്.
വിദ്യാർഥികളുടെ അമിത പഠനഭാരവും നോട്ടുകൾ പ്രിന്റൗട്ട് എടുക്കുന്നതിലുള്ള ബുദ്ധിമുട്ടുകളും ബോധ്യപ്പെടുത്തിയുള്ള പരാതികളുടെ സാഹചര്യത്തിലാണ് നടപടി. സ്വകാര്യ ഏജൻസികളും ട്യൂഷൻ സെന്ററുകളുമിത് മുതലെടുക്കുന്നതായും വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടാതെ ചില രക്ഷിതാക്കൾ ബാലാവകാശ കമീഷനിൽ പരാതിയും നൽകിയിരുന്നു. ഓൺലൈൻ പഠനരീതി തുടർന്നാൽ വിദ്യാർഥികൾക്ക് ക്ലാസിൽനിന്ന് നേരിട്ടു ലഭിക്കേണ്ട പഠനാനുഭവം നഷ്ടപ്പെടുമെന്നും വിദ്യാർഥികൾക്ക് അവരുടെ പഠനകാര്യങ്ങൾ ഓർക്കാനും സംശയനിവാരണത്തിനും ശരിയായ രീതിയിൽ മനസിലാക്കാനും ഓൺലൈൻ പഠനരീതി ഒഴിവാക്കണം. റീജണൽ ഡെപ്യൂട്ടി ഡയറക്ടർമാർ ഇടവിട്ട് സ്‌കൂളുകൾ സന്ദർശിച്ച് നിർദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണമെന്നും ഇതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരിൽനിന്നും പ്രതികരണങ്ങൾ ആരായണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.
കോവിഡ് കാലത്ത് കുട്ടികൾക്ക് ക്ലാസിൽ ഹാജരാകാൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഓൺലൈൻ പഠനരീതി ആരംഭിച്ചത്. എന്നാൽ കോവിഡിനുശേഷവും പഠനകാര്യങ്ങൾ വാട്‌സാപിലൂടെ നൽകുന്ന പ്രവണത തുടരുന്നുണ്ടെന്നാണ് വിലയിരുത്തൽ.