ഒന്നര വർഷത്തിലേറെയായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഉടൻ നശിപ്പിക്കും. ഇതിനുള്ള ടെൻഡർ ദേവസ്വം ബോർഡ് അംഗീകരിച്ചതോടെ വരുന്ന തീർത്ഥാടന കാലത്തിന് മുമ്പായി അരവണ നശിപ്പിക്കാനാണ് തീരുമാനം. ടെൻഡർ എടുത്ത കമ്പനിയുമായി ദേവസ്വം ബോർഡ് കരാർ വെക്കുന്നതോടെ സന്നിധാനത്ത് നിന്നും അരവണ മാറ്റും. കേടായ അരവണയെ വളമാക്കാനാണ് നീക്കം. ഏറ്റുമാനൂർ ആസ്ഥാനമായ ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിയാണ് 1.15 കോടി രൂപയ്ക്ക് കരാർ എടുത്തിരിക്കുന്നത്.
എന്നാൽ, മാസങ്ങൾ കുറേ കഴിഞ്ഞതിനാൽ ആ അരവണ ഭക്തർക്ക് നൽകേണ്ടെന്ന് ദേവസ്വം ബോർഡ് തീരുമാനിച്ചു. 6.65 കോടി രൂപ വിലവരുന്ന അരവണയാണ് വിൽക്കാൻ കഴിയാതെ വന്നത്. ഇത് നശിപ്പിക്കാനുള്ള ടെൻഡർ ചെലവ് 1.15 കോടി രൂപയാണ്. ഇതോടെ, ആകെമൊത്തം 7.80 കോടി രൂപയുടെ നഷ്ടമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഉണ്ടാകുക.
കേടായ അരവണ സൂക്ഷിച്ചിരിക്കുന്നത് മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള ഹാളിലാണ്. മണ്ഡലകാലം ആരംഭിക്കുന്നത് നവംബർ 16-നാണ്. അതിന് മുൻപായി അരവണ സന്നിധാനത്ത് നിന്നും നീക്കം ചെയ്യും. അരവണ എങ്ങനെ നശിപ്പിക്കും എന്ന കാര്യത്തിൽ വ്യക്തതക്കുറവ് ഉണ്ടായിരുന്നതിനാലാണ് നടപടിയെടുക്കാൻ ഇത്രയും കാലതാമസം വന്നത്. വനത്തിൽ നശിപ്പിക്കാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും വനനിയമങ്ങൾ തടസ്സമായതിനാൽ അടുത്ത മാർഗമായി ടെൻഡർ വിളിക്കുകയായിരുന്നു.
ടെൻഡർ വിളിച്ചപ്പോൾ ആദ്യം ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് രംഗത്ത് വന്നത്. ഒരു കമ്പനി മാത്രം വന്നതിനാൽ ലേലവ്യവസ്ഥ പ്രകാരം ഒന്നുകൂടി ടെൻഡർ വിളിച്ചെങ്കിലും, വീണ്ടും ഹിന്ദുസ്ഥാൻ ലാറ്റക്സ് മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടാണ്, ഹിന്ദുസ്ഥാൻ ഉൾപ്പടെ മൂന്ന് കമ്പനികൾ രംഗത്ത് വന്നത്. അതിൽ ഏറ്റവും കുറവ് തുക ക്വാട്ട് ചെയ്ത ഇന്ത്യൻ സെൻട്രിഫ്യൂജ് എഞ്ചിനീയറിംഗ് സൊല്യൂഷൻസ് കമ്പനിക്ക് ടെൻഡർ നൽകുകയായിരുന്നു.