വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച തുറയൂർ സമതയുടെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഗാന്ധി ജയന്തി ദിനത്തിൽ വിവിധ പരിപാടികളോടെ നടന്നു. രാവിലെ നടന്ന “ഗാന്ധിസ്മൃതി”യിൽ നിരവധി പേർ ഗാന്ധി ഫോട്ടോയിൽ പുഷ്പാർച്ചന നടത്തി. ഉച്ചയ്ക്ക് നടന്ന കെ. എം. സനൂപ് സ്മാരക പ്രൈസ് മണിക്കുള്ള 20-ാമത് ക്വിസ് മത്സരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറോളം മത്സരാർഥികൾ പങ്കെടുത്തു. അവതരണ രീതിയുടെ പുതുമകൊണ്ടും സംഘാടനത്തിൻ്റെ സവിശേഷത കൊണ്ടും ശ്രദ്ധേയമായ കിസ് മത്സരം കാണാനും നിരവധി പേർ എത്തി. വിജയികൾക്ക് 5000 3000, 2000 രൂപയും മൊമെൻ്റോയും വിതരണം ചെയ്തു. പ്രശസ്ത ക്വിസ് മാസ്റ്റർമാരായ അനീഷ് മുരാടും വിവേക് പയ്യോളിയുമാണ് കിസ് മത്സരം നയിച്ചത്.
വൈകീട്ട് നടന്ന സാംസ്കാരിക സദസ് കവി വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ. യാക്കൂബ് ആധ്യക്ഷം വഹിച്ചു. തുറയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ടിൽ വാർഡ് മെമ്പർ നജ്ല അഷ്റഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി അനിത ചാമക്കാലയിൽ സ്വാഗതവും ട്രഷറർ സി.വി. രാഗേഷ് നന്ദിയും പറഞ്ഞു.
രാത്രി സമതയിലെ അമ്പതോളം വരുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിച്ച “സ്വാതന്ത്ര്യത്തിൻ്റെ പോരാട്ടം” എന്ന മ്യൂസിക്കൽ ഡ്രാമ അരങ്ങേറി. പ്രകാശ് കോട്ടക്കൽ രംഗഭാഷ ഒരുക്കിയ ദൃശ്യവിസ്മയം കാണാൻ നിരവധി പേരാണ് എത്തിയത്. നിറഞ്ഞ കൈയടി നേടിയ നാടകം സമതയുടെ നാടക ചരിത്രത്തിലെ പുതിയ അധ്യായമായി മാറി.