കൊയിലാണ്ടി: മലബാറിലെ പ്രമുഖ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ ആരംഭിച്ചു. നവരാത്രി ആരംഭ ദിവസം മുതൽ വിജയദശമി നാളായ ഒക്ടോബർ 13 വരെ നീളുന്ന ആഘോഷ ദിനങ്ങളിൽ വൈവിധ്യമാർന്ന സംഗീത-നൃത്തകലാരാധനകൾ അരങ്ങേറും. അതോടൊപ്പം ദിവസവും ദീപാരാധനക്ക് ശേഷം ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ സോപാന സംഗീതം, തായമ്പക, കൊമ്പ്പറ്റ്, കുഴൽപറ്റ്, കേളീക്കൈ എന്നീ ക്ഷേത്ര കലകളും, മൂന്ന് നേരം കാഴ്ചശീവേലികളും ഉണ്ടായിരിക്കും. ആരംഭ ദിവസമായ ഇന്നലെ കാലത്ത് ശീവേലിക്ക് ശേഷം ചേളന്നൂർ കണ്ടംവെള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ശംഖൊലി ഭജനസമിതിയുടെ ഭജൻസ്, വൈകീട്ട് ഗായത്രി, അളകചന്ദ്ര, അനവദ്യ, ഗൗരപാർവ്വതി എന്നിവരുടെ നൃത്തസന്ധ്യ, പിഷാരികാവ് കലാക്ഷേത്ര അവതരിപ്പിച്ച നൃത്ത സന്ധ്യ എന്നിവ നടന്നു. വെള്ളിയാഴ്ച കാലത്ത് കാഞ്ഞിശ്ശേരി വിനോദ് മാരാരുടെ ശിക്ഷണം ലഭിച്ച വനിതകൾ ഒരുക്കുന്ന പഞ്ചാരിമേളം, ഊരള്ളൂർ സുകുമാരൻ്റെ ആദ്ധ്യാത്മിക പ്രഭാഷണം, വൈകീട്ട് നൃത്തസന്ധ്യ, ഉജ്ജയിനി ഫോക് ലോർ സെൻ്റർ അവതരിപ്പിക്കുന്ന നൃത്ത നൃത്യങ്ങൾ എന്നിവ നടക്കും.