റെയില്‍വേ നടത്തിയ സ്വച്ഛതാ ഹി സേവ ശുചീകരണ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനിലും പരിസരത്തും നടത്തിയ ശുചീകരണ യജ്ഞം മാതൃകയായി. രണ്ടാഴ്ചയിലധികമായി വിവിധ സന്നദ്ധ സംഘടനകള്‍, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍, പരിസരവാസികള്‍ എന്നിവരെ സംഘടിപ്പിച്ച് റെയില്‍വേ അധികൃതരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ശുചീകരണ യജ്ഞം ഏറെ ശ്രദ്ധിക്കപ്പെട്ടു.
സീനിയര്‍ സ്റ്റേഷന്‍ സൂപ്രണ്ട് എം.രവീന്ദ്രന്‍, ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രേഷ് കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ റൂബിന്‍, രൂപേഷ്, അഭിനന്ദ്, ബിജുലാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടികള്‍. സ്റ്റേഷന്‍ വളപ്പിലെ കാടു മൂടിയ പൊന്തക്കാടുകളെല്ലാം വെട്ടി മാറ്റി. ചപ്പു ചവറുകള്‍ നീക്കം ചെയ്തു. രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന ശുചീകരണ യജ്ഞത്തില്‍ റെയില്‍വേയുടെ ജീവനക്കാരും വിശ്രമമില്ലാതെ പങ്കാളികളായി.
പാലക്കാട് റെയില്‍വേ ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും ശുചീകരണ യജ്ഞം വിലയിരുത്താനെത്തിയിരുന്നു. ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എൻ.എസ്.എസ് വൊളണ്ടിയര്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.