സ്കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകും. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയാണ് മാന്വൽ പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.
ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലകൾ സ്‌കൂൾ കലോത്സവത്തിൽ മത്സര ഇനമാകുന്നത്. കഴിഞ്ഞ തവണ കൊല്ലത്ത് നടന്ന 62-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.