കൊയിലാണ്ടി: കൊല്ലം താനിക്കുളം കക്കൂസ് മാലിന്യ മടക്കം വിവിധ മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന അവസ്ഥയിൽ . ഏതാനും ദിവസങ്ങൾക്കുമുമ്പാണ് കക്കൂസ് മാലിന്യവുമായി വന്ന ലോറി ഈ കുളത്തിലേക്ക് മാലിന്യം തുറന്നു വിട്ട് കടന്നു കളഞ്ഞത്. വിയ്യൂർ വില്ലേജ് ഓഫീസിനോട് തൊട്ട്, നാഷണൽ ഹൈവേക്ക് അരികത്താണ് ഈ കുളമുള്ളത്. കുളം നിറയെ പായലും പ്ലാസ്റ്റിക്ക് കുപ്പികളും സഞ്ചികളും നിറഞ്ഞിരിക്കുകയാണ് തൊട്ടടുത്ത് താമസിക്കുന്നവർ ഈ മാലിന്യം കാരണം വീർപ്പുമുട്ടുകയാണ്. വേണ്ടപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും നടപടിയുണ്ടായിട്ടില്ലെന്നാണ് സമീപ വാസികളുടെ പരാതി.അസഹ്യമായ ദുർഗന്ധം കാരണം നന്നേ വിഷമിക്കുകയാണ് പരിസരവാസികൾ
കഴിഞ്ഞ ശക്തമായ മഴയിൽ കുളത്തിനടുത്ത് താമസിക്കുന്ന വീടും പരിസരവും വെള്ളത്തിൽ മുങ്ങിയത് വാർത്തയായിരുന്നു. ആ സമയത്ത് ജെസിബി കൊണ്ടുവന്നെങ്കിലും ശുചീകരണ പ്രവൃത്തികൾ നടന്നില്ല. ഇതിൽ നിറയുന്ന മലിനജലമാണ് കൊല്ലം ടൗണിലേക്കും ഒഴുകിയെത്തുന്നത്. അഴുക്കുചാലും ഈ വർഷം നന്നാക്കിയിട്ടില്ല. സ്ലാബുകളും മുഴുവൻ പൊട്ടിപ്പൊളിഞ്ഞിരിക്കുന്നു. കൊതുകു വളർത്തുകേന്ദ്രമായി മാറിയ കുളവും അഴുക്കുചാലും എത്രയും പെട്ടെന്നു നന്നാക്കണമെന്നാണ് ചൈതന്യ റസിഡൻസ് അസോസിയേഷനും നാട്ടുകാരും ആവശ്യപ്പെടുന്നത്. ഗാന്ധി ജയന്തിയോടനുബന്ധിച്ചു നടക്കുന്ന ശുചീകരണ യജ്ഞത്തിൽ കൊയിലാണ്ടി നഗരസഭ സത്വര നടപടികൾ സ്വീകരിക്കാൻ ഇനിയും വൈകരുത്.