ചേമഞ്ചേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി പ്രവർത്തനങ്ങൾക്കാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഉപയോഗത്തിനായി പഞ്ചായത്ത് വാങ്ങിയ പിക്കപ്പ് വാഹനം കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിൻറെ എല്ലാ വാർഡുകളിലും പഞ്ചായത്ത് സ്ഥാപനങ്ങളിലും ശുചീകരണ യജ്ഞം നടന്നു. ശുചീകരണ പ്രവർത്തനങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, എൻഎസ്എസ് വളണ്ടിയേഴ്സ്, തുടങ്ങിയവർ പങ്കെടുത്തു. വിവിധ വാർഡുകളിൽ വാർഡ് മെമ്പർമാരുടെയും പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്കൂളുകളിൽ ബയോഗ്യാസ് പ്ലാൻറ്, സ്കൂളുകൾക്ക് അജൈവമാലിന്യം ശേഖരിക്കുന്ന ബിന്നുകൾ ,പൊതു ഇടങ്ങളിൽ സിസിടിവി ക്യാമറ എന്നിവ ഉദ്ഘാടനം ചെയ്തു. പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ടീച്ചർ സ്ഥിരം സമിതി അംഗങ്ങളായ അതുല്യ ബൈജു, വി കെ അബ്ദുൽ ഹാരിസ് ,സന്ധ്യ ഷിബു ,വിജയൻ കണ്ണഞ്ചേരി പഞ്ചായത്ത് സെക്രട്ടറി ടി. അനിൽകുമാർ, അസിസ്റ്റൻറ് സെക്രട്ടറി സി .വി മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ വന്ദന എന്നിവർ നേതൃത്വം നൽകി.