പ്രകൃതി ദുരന്തങ്ങൾ നേരിട്ട സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം സഹായധനം അനുവദിച്ചു. കേരളത്തിന് പ്രളയ സഹായമായി 145.60 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചത്. കേരളത്തിന് സഹായം അനുവദിക്കുന്നില്ലെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് പ്രഖ്യാപനം. എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് കേരളത്തിന് അനുവദിച്ചത്. മഹാരാഷ്ട്രയ്ക്ക് 1492 കോടി, ആന്ധ്രയ്ക്ക് 1032 കോടി, ആസ്സാമിന് 716 കോടി, ബീഹാറിന് 655 കോടി എന്നിങ്ങനെയും പ്രഖ്യാപിച്ചു. 14 സംസ്ഥാനങ്ങള്‍ക്കായി ആകെ അനുവദിച്ചത് 5858.60 കോടി രൂപയാണ്.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം ആണ് നല്‍കുന്നത്. ദേശീയ ദുരന്തനിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. പ്രളയത്തിനുള്ള പ്രത്യേക സഹായമായല്ല, എല്ലാവര്‍ഷവും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടദുരന്തനിവാരണ ഫണ്ടിലേക്കുള്ള വിഹിതമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 675 കോടി രൂപ ധനസഹായം പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടികയില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല.