കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കി കേന്ദ്ര ഊര്‍ജ മന്ത്രാലയം. ഈ മാസം ഒന്ന് മുതല്‍ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെയാണ് വൈദ്യുതി അനുവദിച്ചത്. യൂണിറ്റിന് അഞ്ച് രൂപയില്‍ താഴെ വൈകീട്ട് ആറ് മുതല്‍ 11 വരെയുള്ള പീക്ക് മണിക്കൂറുകളിലുള്‍പ്പെടെ വൈദ്യുതി ലഭിക്കും. പവര്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന് വാങ്ങുന്നതിനെക്കാള്‍ വളരെ കുറഞ്ഞ നിരക്കാണിത്. ഹ്രസ്വകാല കരാറുകള്‍ പ്രകാരം കേരളത്തിന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 7.50 രൂപയോളം വില വരുന്നുണ്ട്. നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ബാര്‍ഹ് ഒന്ന്, രണ്ട് നിലയങ്ങളില്‍ നിന്നാണ് യഥാക്രമം 80 മെഗാവാട്ട്, 97 മെഗാവാട്ട് വീതം കേരളത്തിന് വൈദ്യുതി ലഭ്യമാക്കുക.
കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി കെഎസ്ഇബി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടറുടെ നേതൃത്വത്തില്‍ ഡയറക്ടര്‍മാരും ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര ഊര്‍ജ്ജ വകുപ്പ് സെക്രട്ടറിയെയും ജോയിൻ്റ് സെക്രട്ടറിമാരെയും സന്ദര്‍ശിച്ച് കേരളം നേരിടുന്ന ഊര്‍ജ്ജ പ്രതിസന്ധിയെപ്പറ്റി വിശദീകരിക്കുകയും കേന്ദ്ര ഊര്‍ജ്ജമന്ത്രാലയവുമായി നിരന്തരമായ കത്തിടപാടുകള്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രം വൈദ്യുതി അനുവദിച്ചത്.
വൈദ്യുതി പ്രതിസന്ധി നേരിടാന്‍ 300 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ആവശ്യപ്പെട്ടിരുന്നത്. കേരളം ആവശ്യപ്പെട്ടതിന്‍റെ പകുതി വൈദ്യുതി മാത്രമേ കേന്ദ്രം ലഭ്യമാക്കിയിട്ടുള്ളൂ. എങ്കിലും വേനല്‍ക്കാലത്തെ വൈദ്യുതി ദൗര്‍ലഭ്യം പരിഹരിക്കാന്‍ ഇത് വലിയതോതില്‍ കേരളത്തിന് സഹായകമാകുമെന്നാണ് നിഗമനം.