കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിലും സ്ഥലം എം.എൽ.എ കാണിക്കുന്ന അനാസ്ഥയിലും, പ്രതിഷേധിച്ച് ഒക്ടോ :3 ന് എം.എൽ.എ.ഓഫീസിലെക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ നാല് വർഷമായി കാപ്പാട് കൊയിലാണ്ടി തീരദേശ റോഡിലൂടെ യാത്ര ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. മഴ പെയ്തതോടെ റോഡിൽ കുഴി രൂപപ്പെടുകയും, മെറ്റലുകൾ ഇളകിചളിക്കുളമായി ബൈക്കിന് പോലും പോകാൻ ചെയ്യാൻ പറ്റാത്ത വിധം റോഡ് തകർന്നിരിക്കുകയാണ്. മത്സ്യതൊഴിലാളി സംഘടനകളും, മറ്റും എം.എൽ.എ.അടക്കമുള്ളവർക്ക് നിരവധി തവണ നിവേദനങ്ങൾ നൽകിയിട്ടും യാതൊരു നടപടി ഉണ്ടായിട്ടില്ല. ഒന്നര വർഷം മുൻപ് തീരദേശ സദസ്സിൽ മത്സ്യ തൊഴിലാളികളെയും അവിടുത്തെ സംഘടനകളെയും വിളിച്ച് മന്ത്രി സജി ചെറിയാൻ നടത്തിയ യോഗത്തിൽ ബിജെപി നേതാക്കൾ ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അന്ന് എത്രയും പെട്ടന്ന് പ്രശ്നം പരിഹരിക്കാം എന്നാണ് മന്ത്രി അറിയിച്ചത്. എന്നാൽ അതിൻ്റെ തുടർ നടപടികൾ ഉണ്ടായിട്ടില്ല
കൊയിലാണ്ടി ഹോസ്പിറ്റലിലും തികഞ്ഞ കെടുകാര്യസ്ഥതയാണ് നടക്കുന്നത്. ഏറ്റവും അവസാനം സപ്തംബർ 29 ന് രാത്രി കൊയിലാണ്ടി ഹോസ്പിറ്റലിലേക്ക് ഒരു D Level ആംബുലൻ സ് DMO ഓഫീസിൽ നിന്നും അയക്കുകയും അത് സ്വീകരിക്കാൻ കൊയിലാണ്ടി ഹോസ്പിറ്റലിൽ സ്വീകരിക്കാൻ തയ്യാറാവാത്തതിനാൽ തിരിച്ച് അയക്കേണ്ട സാഹചര്യം ഉണ്ടായി. ഹോസ്പിറ്റലിലെ നിലവിലെ രണ്ട് ആംബുലൻസുകളും രോഗികൾക്ക് വേണ്ടി ഓടുന്നില്ല. പുറമേ നിന്നുള്ള ആംബുലൻസുകൾ വലിയതുകയാണ് ഈടാക്കുന്നത്. മാസങ്ങളായി കൊയിലാണ്ടി ഹോസ്പിറ്റലിലെ ഫ്രീസർ പ്രവർത്തിക്കുന്നില്ല. ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് ജനങ്ങൾക്ക് ഇതുമൂലം ഉണ്ടാകുന്നത്. മിക്കവാറും ദിവസങ്ങളിൽ ഹോസ്പിറ്റലിൽ സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉണ്ടാകാറില്ല. വളരെ കുറച്ച് ഒപി ടിക്കറ്റുകൾ മാത്രമാണ് നൽകുന്നത്. ഹോസ്പിറ്റലിലെ ഡോക്ടർമാർ സ്വകാര്യ പ്രാക്റ്റീസ് നടത്തി സാധാരണക്കാരെ കൊള്ളയടിക്കുന്നു എന്നും ബിജെപി പത്രസമ്മേളനത്തിലൂടെ ആരോപിച്ചു.