കേരളത്തിന് ഔദ്യോഗിക പരിഭാഷാ സമിതി നിലവിൽ വരുന്നു. ദേശീയ പരിഭാഷ മിഷന്റെ ഭാഗമായി എത്തുന്ന സംസ്ഥാനത്തിന്റെ ഔദ്യോഗിക പരിഭാഷാ സമിതിക്ക് ‘കേരള ട്രാൻസ്‌ലേഷൻ മിഷൻ (കെടിഎം)’ എന്നാണ് പേര്.
സർക്കാർ–അർധ സർക്കാർ സ്ഥാപനങ്ങൾ, പണ്ഡിതർ, ഭാഷാ ശാസ്ത്രജ്ഞർ, വിവർത്തകർ, വിദ്യാഭ്യാസ പ്രവർത്തകർ, പ്രസാധകർ എന്നിവരുൾപ്പെട്ട വർക്കിങ് ഗ്രൂപ്പിനു രൂപം നൽകി ജനപിന്തുണയോടെ പൊതുവായ ആശയരൂപീകരണം നടത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്യുക. സർവകലാശാല വിസിമാർ, ബഹുഭാഷാ പണ്ഡിതർ, ഔദ്യോഗിക ഭാഷാ സമിതി, ഉന്നത വിദ്യാഭ്യാസ, പൊതു വിദ്യാഭ്യാസ, സാംസ്കാരിക, നിയമ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും പരിഭാഷാ നയം രൂപപ്പെടുത്തുക.
മൈസൂരുവിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസു (സി.ഐ.ഐ.എൽ)മായി വൈകാതെ ധാരണാപത്രത്തിൽ ഒപ്പുവെക്കും. സംസ്ഥാന പരിഭാഷാ നയം രൂപീകരിക്കാനും സിഐഐഎലുമായി ചേർന്ന് മിഷൻ യാഥാർഥ്യമാക്കാനുമുള്ള ചുമതല കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനാണ്.