ചേമഞ്ചേരി : ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി എൽ.പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ പഞ്ചായത്ത് കായികമേള കാഞ്ഞിലശ്ശേരി നായനാർ സ്റ്റേഡിയത്തിൽ നടന്നു. പതിനൊന്ന് സ്കൂളുകളിലെ കുരുന്നു താരങ്ങൾ മാറ്റുരച്ച മേളയിൽ ഏഴുപത്തിഅഞ്ച് പോയൻ്റുകൾ നേടി ചേമഞ്ചേരി യു.പി സ്കൂൾ വിജയകിരീടം ചൂടി. എൽ.പി മിനി,എൽ.പി കിഡ്ഡീസ് വിഭാഗങ്ങളിൽ വ്യക്തമായ ലീഡ് നേടിയ ചേമഞ്ചേരി യു.പിയിലെ കായികപ്രതിഭകൾ മുഴുവൻ റിലേകളിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
മുപ്പത്തിഎട്ട് പോയൻ്റുകൾ നേടിയ കാപ്പാട് മാപ്പിള യു.പി രണ്ടാം സ്ഥാനവും മുപ്പത് പോയൻ്റുകൾ നേടിയ തിരുവങ്ങൂർ എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അതുല്യ ബൈജു, ജനപ്രതിനിധികൾ, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.