പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി പന്തലായനി ബിആർസിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന UNICEF പരിപാടി Life 24 ത്രിദിന ശില്പശാലയുടെ സമാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ബാബുരാജ് കൊയിലാണ്ടി മാപ്പിള സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. ദൈനംദിന ജീവിതത്തിൽ പെട്ടെന്ന് പരിഹാരം കണ്ടെത്തേണ്ട ആവശ്യങ്ങളെ ഏറ്റെടുത്ത് പരിഹരിക്കാനുള്ള കഴിവുകൾ നേടിയെടുക്കാൻ വേണ്ടി പ്രധാനപ്പെട്ട ചില തൊഴിൽ മേഖലകളിലെ അവശ്യധാരണകൾ വിദ്യാർത്ഥികളിൽ ഉണ്ടാക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
തൊഴിൽ മേഖലകൾ പരിചയപ്പെടുത്തുന്നതിനോടൊപ്പം ജീവിതനൈപുണികൾ പരിശീലിക്കുവാനുള്ള അവസരം ലഭ്യമാക്കുകയും ചെയ്യുന്നു. കൃഷി, പാചകം,പ്ലംബിംങ്ങ് തുടങ്ങിയ മേഖലകളാണ് ആദ്യഘട്ടത്തിൽ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ബി ആർ സി പരിധിയിലെ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളാണ് മൂന്നുദിവസത്തെ പരിശീലനത്തിൽ പങ്കെടുക്കുന്നത്.പന്തലായനി ബി പി സി ശ്രീമതി ദീപ്തി ഇ പി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ട്രെയിനർ വികാസ്. കെ. എസ് സ്വാഗതവും സി ആർ സി സി ജാബിർ. എ നന്ദിയും അർപ്പിച്ചു സംസാരിച്ചു.