കുറ്റ്യാടി ടൗൺ ജംങ്ഷൻ ഇംപ്രൂവ്മെൻ്റ് പദ്ധതി; ഇൻവെസ്റ്റിഗേഷന് അനുമതി നൽകിയതായി മന്ത്രി മുഹമ്മദ് റിയാസ്
കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തിയുടെ ഉദ്ഘാടന സമ്മാനമായി കുറ്റ്യാടി ടൗൺ ജംങ്ഷൻ ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ ഇൻവെസ്റ്റിഗേഷന് ഏഴര ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാനകിക്കാട് , പെരുവണ്ണാമൂഴി, കക്കയം, വയലട ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടാൻ സാധ്യതയുള്ള മുള്ളൻക്കുന്ന്- ജാനകിക്കാട് നവീകരണത്തിനായി രണ്ടര കോടി രൂപയുടെ ഭരണാനുമതി നൽകിയതായും ടെണ്ടർ നടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രി അറിയിച്ചു. കുറ്റ്യാടി ചുരം ഉൾപ്പെടുന്ന മുട്ടുങ്ങൽ-പക്രംതളം റോഡിൽ കിഫ്ബി മുഖാന്തിരം സ്പിൽഹൈവേ പദ്ധതിക്കായി 45 കോടി രൂപ ഭരണാനുമതി നൽകിയതായും മന്ത്രി പറഞ്ഞു.
ജാനകിക്കാട് , പെരുവണ്ണാമൂഴി, കക്കയം, വയലട ഹൈഡൽ ടൂറിസം സർക്യൂട്ട് സാധ്യത വൈദ്യുതി വകുപ്പുമായി ആലോചിച്ചതായും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ടൂറിസം ഡെസ്റ്റിനേഷൻ കൂടുതൽ വികസിപ്പിക്കുന്ന കാര്യം ചർച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു. മലയോരത്ത് കെ എസ്ആർടിസി ബസ്സ് സർവ്വീസ് ആരംഭിക്കുന്ന കാര്യം ഗതാഗത വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തുമെന്നും ബൈപ്പാസ് സമയബന്ധിതമായി നടപ്പിലാക്കാൻ മന്ത്രിയുടെ ഓഫീസിൽ എല്ലാ മാസവും അവലോകന യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, ടി കെ മോഹൻദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
ആർബിഡിസികെ ജനറൽ മാനേജർ ടി എസ് സിന്ധു സ്വാഗതവും ആർബിഡിസികെ ഡെപ്യൂട്ടി ജനറൽ മാനേജർ എ എ അബ്ദുൽസലാം നന്ദിയും പറഞ്ഞു.