കേരള പ്രവാസി ക്ഷേമനിധിയില്‍ തുടര്‍ച്ചയായി ഒരു വര്‍ഷത്തില്‍ അധികം അംശദായം അടയ്ക്കാത്തതുമൂലം അംഗത്വം സ്വമേധയാ നഷ്ടമായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിന് വന്‍ ഇളവുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന്റെ 48-ാംമത് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
2009 മുതല്‍ ഇതുവരെ ക്ഷേമനിധിയില്‍ അംഗത്വം എടുത്തവരും പെന്‍ഷന്‍ പ്രായം പൂര്‍ത്തീകരിക്കാത്തവരും എന്നാല്‍ ഒരു വര്‍ഷത്തിലേറെ അംശദായ അടവില്‍ വീഴ്ച വരുത്തിയവരും ആയവര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എം.ബി ഗീതാലക്ഷ്മി അറിയിച്ചു.
കുടിശിക തുക പൂര്‍ണമായും ആകെ കുടിശികയുടെ 15 ശതമാനം മാത്രം പിഴയായും ഒടുക്കി അംഗത്വം പുനസ്ഥാപിക്കാവുന്നതാണ്. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ നിലവില്‍ വരുമെന്നും ക്ഷേമനിധി അംഗങ്ങള്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.