ഒക്ടോബര്‍ രണ്ടിന് സംസ്ഥാനത്തെ 19,470 വാര്‍ഡുകളിലും കുടുംബശ്രീ ബാലസഭാംഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ‘ബാലസദസ്’ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ കീഴിലുള്ള 31,612 ബാലസഭകളില്‍ അംഗങ്ങളായ നാല് ലക്ഷത്തിലേറെ കുട്ടികള്‍ ഇതില്‍ പങ്കെടുക്കും. ഇതിന് മുന്നോടിയായുള്ള ബാലസഭകളുടെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്ക് സെപ്റ്റംബര്‍ 21ന് തുടക്കമായി.
കുട്ടികളുടെ അവകാശ സംരക്ഷണം നടപ്പാക്കുക, അവരില്‍ ജനാധിപത്യബോധം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ രൂപീകരിച്ച കുട്ടികളുടെ അയല്‍ക്കൂട്ടങ്ങളാണ് ബാലസഭകള്‍. ഈ വര്‍ഷം ഡിസംബറില്‍ നടത്തുന്ന ബാലപാര്‍ലമെന്റിനു മുന്നോടിയായാണ് ബാലസദസ് സംഘടിപ്പിക്കുന്നത്. ബാലസദസ്സിന് മുന്നോടിയായുള്ള വാര്‍ഡിലെ/ഡിവിഷനിലെ കുടുംബശ്രീ/ബാലസഭ കുടുംബങ്ങളെ കോര്‍ത്തിണക്കി അതത് പ്രദേശത്ത് വിളിച്ചുചേര്‍ക്കുന്ന ചെറുയോഗങ്ങളാണ് കോലായക്കൂട്ടങ്ങള്‍. ബാലസദസ്സ് പ്രവര്‍ത്തനങ്ങള്‍ ഈ യോഗങ്ങളിലൂടെ മുന്‍കൂട്ടി അറിയിക്കും. സെപ്റ്റംബര്‍ 29 വരെ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കും.
ബാലസഭാംഗങ്ങള്‍ ഓരോ വാര്‍ഡിലുമുള്ള പ്രകൃതി സൗഹൃദ ഇടങ്ങളില്‍ ഒക്ടോബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈകുന്നേരം 5 വരെയുള്ള സമയത്ത് ഒത്തു ചേരും. ബാലസദസ്സില്‍ കുട്ടികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങളും സാമൂഹ്യപ്രശ്‌നങ്ങളും കുട്ടികളുടെ ആവശ്യങ്ങളും ബാലസഭാ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ നേതൃത്വത്തില്‍ വിവിധ വിഷയങ്ങളായി തിരിച്ചു കൊണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കും.
ഒക്ടോബര്‍ 10നു മുമ്പായി ഈ റിപ്പോര്‍ട്ടുകള്‍ അതത് സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കും. ഇപ്രകാരം സി.ഡി.എസ് തലത്തില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ ക്രോഡീകരിച്ച് ബാലപഞ്ചായത്ത് അല്ലെങ്കില്‍ ബാല നഗരസഭയില്‍ അവതരിപ്പിച്ച ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷനും സെക്രട്ടറിക്കും സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലൂടെ കുട്ടികള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് തദ്ദേശ സ്ഥാപനതലത്തില്‍ പരിഹാരം കണ്ടെത്തും. അല്ലാത്തവ സംസ്ഥാന കുടുംബശ്രീ ബാലപാര്‍ലമെന്റില്‍ അവതരിപ്പിച്ച് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തുകയുമാണ് ലക്ഷ്യം.