ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിന് നിലവിലെ രീതിയില്‍ മാറ്റം വരുത്തും. തിരക്ക് കാരണം തൊഴാനാവുന്നില്ലെന്ന ഭക്തരുടെ പരാതിയിലാണ് നടപടി. നവംബറില്‍ തുടങ്ങുന്ന മണ്ഡല-മകരവിളക്ക് തീര്‍ഥാടനം കഴിഞ്ഞാലുടന്‍ പുതിയമാറ്റത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുക്കും.
പതിനെട്ടാംപടി കയറിയെത്തുന്ന തീര്‍ഥാടകരെ കൊടിമരച്ചുവട്ടില്‍നിന്ന് ഫ്‌ളൈഓവറിലേക്കു വിടാതെ നേരേ ശ്രീകോവിലിന് സമീപത്തേക്കു കടത്തിവിട്ട് ദര്‍ശനസൗകര്യം ഒരുക്കുന്നതാണ് പ്രധാന മാറ്റം. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്രത്തിനടുത്തേക്ക് വിടും. ദേവസ്വംമന്ത്രി, ശബരിമല തന്ത്രി, മേല്‍ശാന്തി, ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍, പോലീസ് തുടങ്ങി എല്ലാവിഭാഗങ്ങളുമായി ചര്‍ച്ചയ്ക്കുശേഷം ഹൈക്കോടതിയുടെ അനുമതിയോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.