അസാധുവായ വിവാഹത്തിൽ ജനിച്ച മക്കൾക്ക് പിതാവിന്‍റെ സ്വത്തിൽ അവകാശമുണ്ടെന്നും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി. അതേസമയം രണ്ടാം ഭാര്യയ്ക്ക് അവകാശമുണ്ടാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
നിയമപരമായ ആദ്യ വിവാഹബന്ധം നിലനിൽക്കവെ രണ്ടാമത് വിവാഹം കഴിക്കുന്നത് അസാധുവാണെങ്കിലും ആ വിവാഹത്തിൽ ജനിച്ച കുട്ടികൾക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശവും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിനും അർഹതയുണ്ടെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. അതേസമയം അസാധുവായ വിവാഹത്തിലെ ഭാര്യയ്ക്ക് ഭർത്താവിന്‍റെ സ്വത്തിൽ അവകാശമോ നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രത്തിനോ അർഹതയുണ്ടാകില്ല. ഭർത്താവിന്‍റെ പെൻഷൻ ആനുകൂല്യവും നിയമപരമായ അവകാശിയെന്ന സാക്ഷ്യപത്രവും ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിനി നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.