കോഴിക്കോട്: മാങ്കാവ് ലുലു മാളിൽ പ്രയർ റൂമിൽ കയറി 10 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണമാല കവർന്ന കേസിൽ ദമ്പതികൾ പിടിയിലായി. കാസർകോട് തൃക്കരിപ്പൂർ സ്വദേശിയായ ഫസിലുൽ റഹ്മാൻ(35) കണ്ണൂർ തളിപ്പറമ്പ് സ്വദേശി നിയായ ഷാഹിന (39)എന്നിവരെയാണ് കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ഈ മാസം ഇരുപത്തിയാറാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ലുലു മാളിൽ രക്ഷിതാക്കളോടൊപ്പം എത്തിയ 10 മാസം പ്രായമുള്ള കുട്ടിയുടെ കഴുത്തിലെ ഒന്നേകാൽ പവൻ സ്വർണ്ണമാലയാണ് പ്രതികൾപിടിച്ചുപറിച്ചത് . ലുലു മാളിലെ തിരക്കിനിടയിൽ ആളുകളെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങിയ പ്രതികൾ ഒരുമിച്ച് സഞ്ചരിക്കാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിൻ മാർഗ്ഗം രക്ഷപ്പെടുകയായിരുന്നു .ഇക്കാര്യത്തിന് കുട്ടിയുടെ ഉമ്മയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ കസബ പോലീസ് ലുലു മാളിലെയും റെയിൽവേ സ്റ്റേഷനിലെയും നിരവധി സി സി ടി വി ദൃശ്യങ്ങൾ പരിശോധന നടത്തി പ്രതികളെ തിരിച്ചറിയുകയായിരുന്നു .പ്രതികൾ മുൻപും പന്തിരാങ്കാവ് പോലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യത്തിൽ ഏർപ്പെട്ട ആളുകളാണ് .സി സി ടി വി ദൃശ്യങ്ങളിൽ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് കാസർഗോഡ് പടന്ന എന്ന സ്ഥലത്ത് വെച്ച് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നഷ്ടപ്പെട്ട സ്വർണ്ണമാല പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു.പ്രതികൾ സമാനമായ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുണ്ടോഎന്ന് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു
കസബ ഇൻസ്പെക്ടർ ഗോപകുമാർ ജി യുടെ നേതൃത്വത്തിൽ കസബ സബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ,അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ പി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുധർമൻ പി ,രാജീവ്കുമാർ പാലത്ത്,സി പി ഒ ബിജിലമോൾ സിറ്റി ക്രൈംസക്വാഡ് അംഗങ്ങളായ ഷാലു എം , സുജിത് സി കെ, സൈബർസിലിലെ സ്കൈലേഷ്, ഡി സി ആർ ബി യിലെ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ നിധീഷ്, എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.