തിക്കോടി: ദേശീയപാത എന്ന വൻമതിൽ കെട്ടി ചരിത്ര പ്രസിദ്ധമായ തിക്കോടി ടൗണിനെ രണ്ടായി മുറിക്കരുതെന്നും, തിക്കോടി ടൗണിൽ അടിയന്തിരമായി അടിപ്പാത അനുവദിക്കണമെന്നും ഷാഫി പറമ്പിൽ എംപി. അടിപ്പാത കർമ്മസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിപുലമായ ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിഷേധാത്മക നിലപാട് തുടരുന്ന അധികൃതർക്കെതിരെ, പ്രായ,ലിംഗ, ദൂര വ്യത്യാസമില്ലാതെ ഒഴുകിയെത്തിയ ജനസാഗരത്തെ സാക്ഷി നിർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നിലുള്ള സദസ്സ് തിങ്ങിനിറഞ്ഞപ്പോൾ ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്തും ആളുകൾ നിലയുറപ്പിച്ചു. അതോടെ, സർവീസ് റോഡിലൂടെയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പയ്യോളിയിൽ നിന്നും പോലീസ് എത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. വികസനം തടസ്സപ്പെടുത്താനല്ല ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നേടിയെടുത്തത് വികസനം ത്വരിതപ്പെടുത്തുകയാണ് ജനങ്ങൾ ചെയ്യുന്നതെന്ന് എംപി പറഞ്ഞു.കടലാസുകളിലൂടെ അങ്ങോട്ടുമിങ്ങോട്ടും തട്ടി, തിക്കോടിലെ അടിപ്പാത ഇല്ലാതാക്കാനുള്ള ശ്രമമാണ് അധികൃതർ ചെയ്യുന്നതെന്നും, അടിപ്പാത എന്നത് ജനതയുടെ ജീവിതത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇതിന് ഏതറ്റം വരെ പോകാനും ജനസാഗരം ഒരുങ്ങിയിരിക്കുകയാണെന്നും, താനും അവരോടൊപ്പം ഉണ്ടാകുമെന്നും എംപി ഉറപ്പ് നൽകി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല മുഖ്യാതിഥിയായി. സമരസമിതി ചെയർമാൻ വി കെ അബ്ദുൽ മജീദ് സമരപ്രഖ്യാപനം നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിൽ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത്, തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യാണ്ടി, സിപിഎം ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു, കെപിസിസി സെക്രട്ടറി അഡ്വക്കേറ്റ് ഐ.മൂസ, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.വി.സുധീർ ,മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി വെങ്ങളം റഷീദ് ,സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അഡ്വക്കറ്റ് സുനിൽ മോഹൻ,ആർ.ജെ.ഡി ജില്ലാ ജനറൽ സെക്രട്ടറി ജെ.എൻ.പ്രേംഭാസിൽ,എൻ.സി.പി സംസ്ഥാന സെക്രട്ടറി സി. സത്യചന്ദ്രൻ, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് ശശീന്ദ്രൻ കൊയിലാണ്ടി, എസ്.ഡി.പി.ഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, സാഹിത്യ സാംസ്കാരിക പ്രവർത്തകരായ ചന്ദ്രശേഖരൻ തിക്കോടി, ഇബ്രാഹിം തിക്കോടി, തിക്കോടി നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ ആർ. വിശ്വൻ, കെ .പി ഷക്കീല ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. വി റംല ,ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് തിക്കോടി ,എൻ.എം.ടി അബ്ദുള്ളക്കുട്ടി എന്നിവർ സംസാരിച്ചു. കൺവീനർ കെ വി സുരേഷ് കുമാർ സ്വാഗതവും ഭാസ്കരൻ തിക്കോടി നന്ദിയും രേഖപ്പെടുത്തി.