വര്‍ഷങ്ങളായി ഗ്രാമ പഞ്ചായത്തായി തുടരുന്ന ബാലുശ്ശേരി നഗരസഭയായി ഉയരുമോയെന്ന പ്രതീക്ഷയില്‍ ജനങ്ങള്‍.കോഴിക്കോട് ജില്ലയില്‍ വടകര,കൊയിലാണ്ടി,പയ്യോളി,കൊടുവളളി,മുക്കം,രാമനാട്ടുകര എന്നിവയാണ് മുന്‍സിപ്പാലിറ്റികള്‍. താമരശ്ശേരി,പേരാമ്പ്ര,ബാലുശ്ശേരി എന്നിവയാണ് മുന്‍സിപ്പാലിറ്റിയായി പരിഗണിക്കാന്‍ സാധ്യതയുളള പഞ്ചായത്തുകള്‍. ഇതില്‍ ഏറ്റവും സാധ്യത ബാലുശ്ശേരിക്കാണെന്ന് വിലയിരുത്തപ്പെടുന്നു.
നിലവില്‍ 17 വാര്‍ഡുകളാണ് ബാലുശ്ശേരി പഞ്ചായത്തിലുളളത്. നഗരസഭയായാല്‍ ഉളളിയേരിയുടെയും പനങ്ങാട് പഞ്ചായത്തിന്റെയും അത്തോളിയുടെയും ചില ഭാഗങ്ങള്‍ ബാലുശ്ശേരിയോട് കൂട്ടിച്ചേര്‍ക്കപ്പെടും. ബാലുശ്ശേരി മുന്‍സിപ്പാലിറ്റിയാകുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ തീരുമാനമൊന്നുമായിട്ടില്ല. എന്നാല്‍ ചില ആലോചനകള്‍ നടക്കുന്നതായാണ് വിവരം. കാലങ്ങളായി എല്‍.ഡി.എഫിനോടൊപ്പം നില്‍ക്കുന്ന പഞ്ചായത്താണ് ബാലുശ്ശേരി. എന്നാല്‍ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യൂ.ഡി.എഫ് ശക്തമായ കരുത്ത് നേടിയിരുന്നു. ചില വാര്‍ഡുകളില്‍ ബി.ജെ.പിയും നിര്‍ണ്ണായകമാണ്.
ബാലുശ്ശേരി മുന്‍സിപ്പാലിറ്റി പദവിയിലേക്ക് ഉയര്‍ന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂടും. എന്നാല്‍ ചില നിയന്ത്രണങ്ങല്‍ വരുകയും ചെയ്യും. കെട്ടിട നികുതിയേറും. തൊഴിലുറപ്പ് പദ്ധതിയിലൂടെ ലഭിക്കുന്ന ചില ആനുകൂല്യങ്ങള്‍ നഗരസഭയില്‍ ഉണ്ടാവില്ല. ഇതു വഴി ലഭിക്കുന്ന ഫണ്ടുകള്‍ നഷ്ടപ്പെടും. നഗരസഭയില്‍ മഹാത്മ തൊഴിലുറപ്പ് പദ്ധതിക്ക് പകരം അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയാണുളളത്.
മഹാത്മ തൊഴിലുറപ്പ് പദ്ധതി കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ്. ഓരോ പഞ്ചായത്തിനും ഈ പദ്ധതി പ്രകാരം മൂന്ന് മുതല്‍ 10 കോടി രൂപ വരെ ലഭിക്കും. എന്നാല്‍ നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രകാരം രണ്ട് കോടി രൂപ വരെയാണ് ലഭിക്കുക. ഇത് സംസ്ഥാന പദ്ധതിയാണ്.
നഗരസഭയാകുമ്പോള്‍ വീടുകള്‍ക്ക് ചതുരശ്ര അടിക്ക് എട്ട് മുതല്‍ 17 രൂപ വരെ ചുമത്താം. പഞ്ചായത്തിന് ആര് മുതല്‍ 15 രൂപ വരെയാണ് വീട്ടു നികുതി. വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റ് കെട്ടിടങ്ങള്‍ക്കും നഗരസഭയില്‍ 80 മുതല്‍ 120 രൂപ വരെയാണ് സ്‌ക്വയര്‍ ഫീറ്റിന് ഈടാക്കുക. എന്നാല്‍ പഞ്ചായത്തില്‍ 50 മുതല്‍ 100 വരെയാണിത്. പഞ്ചായത്തായി തുടരുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗ്രാമീണ മേഖലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. എന്നാല്‍ നഗരസഭയാകുമ്പോള്‍ മറ്റ് ഫണ്ടുകള്‍ ലഭ്യമാക്കി പാശ്ചാത്തല മേഖലയില്‍ വളര്‍ച്ച നേടാന്‍ സാധിക്കും. രാഷ്ട്രീയ കക്ഷികള്‍ക്ക് മേധാവിത്വം ശക്തമാക്കാന്‍ പഞ്ചായത്തുകള്‍ നഗരസഭയാകുന്നതിനോടാണ് താല്‍പ്പര്യം.