14 വയസ്സിനു മുകളിലുള്ള ജില്ലയിലെ മുഴുവന്‍ ആളുകളെയും ഡിജിറ്റല്‍ സാക്ഷരതയുള്ളവരാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ജില്ലാ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഡിജി വീക്ക് ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നീളുന്ന ഡിജി വീക്ക് ക്യാമ്പയിനോടെ ജില്ലയിലെ ഡിജിറ്റല്‍ സാക്ഷരത നിരക്ക് 100 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വിവിധ ഏജന്‍സികളെ ഉള്‍പ്പെടുത്തി സര്‍വേ, പരിശീലന പരിപാടികള്‍ ഏകോപിപ്പിക്കും.
വാര്‍ഡ്, ഡിവിഷന്‍ തലങ്ങളില്‍ വീടുകളില്‍ സര്‍വേ നടത്തി ഡിജിറ്റല്‍ സാക്ഷരതയില്ലാത്തവരെ കണ്ടെത്തുകയും അവര്‍ക്ക് ഡിജിറ്റല്‍ സാക്ഷരത നല്‍കുന്നതിനുള്ള പരിശീലനം നല്‍കുന്നതുമാണ് പദ്ധതി. ജില്ലയില്‍ ഇതിനകം സര്‍വേ നടപടികള്‍ 61 ശതമാനവും ഡിജിറ്റല്‍ പരിശീലനം 21 ശതമാനവും പിന്നിട്ടതായി തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയരക്ടര്‍ ടി ജെ അരുണ്‍ അറിയിച്ചു. ഒരാഴ്ചത്തെ ഡിജി വീക്ക് ക്യാമ്പയിൻ പൂര്‍ത്തിയാവുന്നതോടെ സര്‍വേയും പരിശീലനവും 100 ശതമാനത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഡിജി കേരളം ആപ്പ് വഴി രജിസ്റ്റര്‍ ചെയ്ത ഡിജി കേരളം വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് സര്‍വേ, പരിശീലനം, മൂല്യനിര്‍ണയം എന്നിവ പൂര്‍ത്തിയാക്കുന്നത്.